താനൂര്‍; നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള വാഹനം ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. നന്നമ്പ്ര പഞ്ചായത്ത് അധികൃതര്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 55 ബി 3013 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള മഹീന്ദ്ര ബാെലേറോ വാഹനമാണ് കൊടിഞ്ഞിയിലെ മാലിന്യ കേന്ദ്രത്തില്‍ തള്ളിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പഞ്ചായത്ത് ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന താത്കാലിക ഷെഡ്ഡില്‍ ടാര്‍പോളിന്‍ മൂടിയ നിലയിലാണ് വാഹനം ഉണ്ടായിരുന്നത്.
പഞ്ചായത്ത് ആവശ്യങ്ങള്‍ക്കായി പുതിയ വാഹനം വാങ്ങിയതോടെ നന്നമ്പ്ര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറുന്നു എന്ന് സര്‍ക്കാറില്‍ റിപ്പോര്‍ട്ട് നല്‍കിയതിനുശേഷം കൊടിഞ്ഞിയിലെ കുടുംബാരോഗ്യകേന്ദ്രത്തിന് മുമ്പില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം കൊടിഞ്ഞി യുപി സ്‌കൂള്‍ പരിസരത്തേക്ക് മാറ്റി. തുടര്‍ന്നാണ് മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ചത്.
2023 ജനുവരി 29 വരെ രജിസ്‌ട്രേഷന്‍ കാലാവധിയും, 2022 മെയ് 24 വരെ ഇന്‍ഷൂറന്‍സ് കാലാവധിയും, 2022 ഡിസംബര്‍ 31 വരെ നികുതി കാലാവധിയുള്ള വാഹനമാണ് പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ മാലിന്യത്തില്‍ തള്ളിയിരിക്കുന്നത്.
2019 – 2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ആവശ്യങ്ങള്‍ക്കായി വാങ്ങിയ ട്രാക്ടറുകളിലൊന്നും പരിസരത്ത് കാടുമൂടിയ നിലയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ജനകീയ ആവശ്യങ്ങള്‍ക്കായി വാങ്ങിയ വാഹനങ്ങള്‍ ഉപയോഗിക്കാതെ മാലിന്യത്തില്‍ തള്ളിയവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പുതിയ വാഹനം വാങ്ങിയ സാഹചര്യത്തില്‍ പഴയ വാഹനം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സൂക്ഷിക്കുമെന്നായിരുന്നു ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് അറിയിച്ചതെന്ന് പഞ്ചായത്ത് അംഗം പി പി ഷാഹുല്‍ഹമീദ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ഉപയോഗപ്രദമായ വാഹനം മാലിന്യത്തില്‍ തള്ളിയതെന്നും, വാഹനം പൊളിച്ചു മാറ്റി വില്‍പ്പന നടത്താനുള്ള ശ്രമമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സിപിഐ എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



