
നിലവിലെ സ്‌കൂള്‍ സമയക്രമം തുടരാന്‍ തീരുമാനിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. അടുത്ത അക്കാദമിക വര്‍ഷം ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണ്. നിലവില്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സെക്രട്ടറിയേറ്റ് പി ആര്‍ ചേംബറിലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2025 മെയ് 31 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ക്ലാസ് 1 മുതല്‍ 4 വരെ 198 പ്രവൃത്തി ദിനങ്ങള്‍, ക്ലാസ് 5 മുതല്‍ 7 വരെ 200 പ്രവര്‍ത്തിദിനങ്ങള്‍, ക്ലാസ്സ് 8 മുതല്‍ 10 വരെ 204 പ്രവര്‍ത്തിദിനങ്ങള്‍ എന്നിങ്ങനെയാണ് 2025-26 വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ തയ്യാറായത്. എല്‍.പി വിഭാഗം സ്‌കൂളുകള്‍ക്ക് അധിക പ്രവര്‍ത്തിദിനം ഇല്ലാതെയും യു.പി വിഭാഗം സ്‌കൂളുകള്‍ക്ക് ആഴ്ചയില്‍ ആറു പ്രവര്‍ത്തിദിനം വരാത്ത രീതിയില്‍ രണ്ട് ശനിയാഴ്ചകള്‍ ഉള്‍പ്പെടുത്തി കൊണ്ടും ഹൈസ്‌കൂള്‍ വിഭാഗം സ്‌കൂളുകള്‍ക്ക് 6 ശനിയാഴ്ചകള്‍ ഉള്‍പ്പെടുത്തികൊണ്ടുമാണ് കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തിന് ആയിരത്തി ഒരുന്നൂറ് ബോധന മണിക്കൂര്‍ തികയ്ക്കുന്നതിന് വെള്ളിയാഴ്ച ഒഴികെയുള്ള നൂറ്റി അറുപത്തിയാറ് പ്രവര്‍ത്തിദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധിക പ്രവര്‍ത്തിസമയം ഉള്‍പ്പെടുത്തി പീരീഡ് ക്രമീകരിച്ചിട്ടുള്ളത്.രാവിലെ 9.45 മുതല്‍ ഉച്ചയ്ക്ക് ശേഷം 4.15 വരെ യാണ് ഹൈസ്‌കൂള്‍ വിഭാഗം പുതുക്കിയ സമയക്രമം.
കേസ്സിനാധാരമായ സാഹചര്യം
കേരള ഹൈക്കോടതിയില്‍ എറണാകുളം ബീട്ടൂര്‍ എബനൈസര്‍ എച്ച്.എസിലെ പി.റ്റി.എ. യും മാനേജരും കൂടി ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധ്യയന വര്‍ഷം ഇരുന്നൂറ്റി ഇരുപത് പ്രവൃത്തി ദിനം വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തിന്മേല്‍ ചട്ടങ്ങള്‍ പ്രകാരം തീരുമാനമെടുക്കാന്‍ പൊതു lവിദ്യാഭ്യാസ ഡയറക്ടറോട് ബഹുമാനപ്പെട്ട കോടതി നിര്‍ദ്ദേശിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഹര്‍ജിക്കാരനെ കേള്‍ക്കുകയും 2024 ഏപ്രില്‍ 25-ാം തീയതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഉത്തരവ് പ്രകാരം വരും വര്‍ഷങ്ങളില്‍ നിയമനാനുസൃതമായ പ്രവൃത്തി ദിനങ്ങള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്താമെന്ന് തീരുമാനിച്ചു. എന്നാല്‍ ഹര്‍ജിക്കാരന്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഇവയുടെ അടിസ്ഥാനത്തില്‍ ഇരുന്നൂറ്റി ഇരുപത് പ്രവൃത്തി ദിനങ്ങള്‍ തികയ്ക്കുന്നതിനായി 25 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 2024-25 വര്‍ഷത്തിലെ അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. കേരള വിദ്യാഭ്യാസ ആക്റ്റും ചട്ടങ്ങളും ബാധകമായ സ്‌കൂളുകളിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതി മുമ്പാകെ സര്‍വീസ് സംഘടനകളും, രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും കേസ്സ് ഫയല്‍ ചെയ്തു. കലണ്ടറിനെയും അത് പുറപ്പെടുവിച്ച പൊതുവിദ്യാഭ്യാസ ഡയക്ടറുടെ അധികാരത്തെയും ഈ ഹര്‍ജികളില്‍ ചോദ്യം ചെയ്തിട്ടുണ്ട്. സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങള്‍ ആക്കുന്നതിനായി ഇതൊരു നയത്തിലും കീഴ്വഴക്കത്തിലും മാറ്റം വരുന്ന ഒന്നായതിനാല്‍ സ്റ്റാറ്റിയൂട്ട് ഭേദഗതി വരുത്തേണ്ടതുള്ളതിനാലും അതിന് യോഗ്യതയുള്ളത് ഈ കേസുകളിലെ ഒന്നാം എതിര്‍കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ ആണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
2024 ആഗസ്റ്റ് 1 ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം
രണ്ടായിരത്തി ഒമ്പതിലെ വിദ്യാഭ്യാസ ആക്റ്റിലെ വ്യവസ്ഥകള്‍ക്ക് വിധേയമായും ബന്ധപ്പെട്ടവരെ കേട്ടും ഇക്കാര്യത്തില്‍ വിദഗ്ദ്ധരായവരുടെ അഭിപ്രായങ്ങളും കേട്ട ശേഷം ഒന്നാം എതിര്‍കക്ഷിയായ സര്‍ക്കാരിനോട് പുനഃപരിശോധിക്കുവാനാണ് ഹൈക്കോടതി വിധിന്യായ പ്രകാരം ഉത്തരവായിട്ടുള്ളത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2024 മെയ് 25 ലെ തീരുമാനവും 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങളാക്കിയ വിദ്യാഭ്യാസ കലണ്ടറും നിയമപരമായി നിലനില്‍ക്കുന്നതല്ലായെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദഗ്ധ സമിതി
2024 ആഗസ്റ്റ് 1 ന് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായവുമായി ബന്ധപ്പെട്ട് 2024 സെപ്തംബര്‍ 9 ആം തീയതി സര്‍ക്കാര്‍ ബന്ധപ്പെട്ട കക്ഷികളെ നേരില്‍ കേള്‍ക്കുകയും ചെയ്തിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക് കലണ്ടറുമായി ബന്ധപ്പെട്ട സമഗ്രപഠനം നടത്തിന്നതിനായി 2025 ജനുവരി 20 ലെ ഉത്തരവ് പ്രകാരം 5 അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും ചെയ്തു.
നിയമങ്ങളും-ചട്ടങ്ങളും
കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അദ്ധ്യായം- ഏഴ് ചട്ടം-3 പ്രകാരം ഓരോ സ്‌കൂള്‍ വര്‍ഷത്തിലും സാധാരണ ഗതിയില്‍ ചുരുങ്ങിയത് പരീക്ഷാദിവസങ്ങള്‍ കൂടാതെ ഇരുന്നൂറ്റി ഇരുപത് സാദ്ധ്യായ ദിവസങ്ങള്‍ ഉണ്ടായിരിക്കണമെന്നും പ്രത്യേക സാഹചര്യങ്ങളില്‍ 20 ദിവസം വരെ സാദ്ധ്യായ ദിവസങ്ങളില്‍ ഉണ്ടാകുന്ന കുറവ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ക്കും അതില്‍ കൂടുതല്‍ ഉള്ള കുറവ് ഡയറക്ടര്‍ക്കും ഇളവ് ചെയ്യാവുന്നതാണ് എന്നും വ്യവസ്ഥചെയ്യുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അദ്ധ്യായം-ഏഴ് ചട്ടം-അഞ്ച് പ്രകാരം എല്ലാ അധ്യയന വര്‍ഷങ്ങളിലും പൊതുവിദ്യാഭ്യസ ഡയറക്ടര്‍ കലണ്ടര്‍ പ്രസിദ്ധീകരിക്കുവാന്‍ നിഷ്‌കര്‍ഷിക്കുന്നു.
പ്രവൃത്തി ദിനങ്ങള്‍- താരതമ്യം
വിദ്യാഭ്യാസ കലണ്ടര്‍ പ്രസിദ്ധീകരിച്ചത് വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇരുന്നൂറ്റി ഇരുപത് പ്രവൃത്തി ദിനങ്ങള്‍ അല്ലെങ്കില്‍ ആയിരത്തി ഒരുന്നൂറ് മണിക്കൂര്‍ ബോധന സമയം എന്ന് ആക്കിയത് നിലവിലെ കെ.ഇ.ആര്‍. ചട്ടത്തിലെ വ്യവസ്ഥകള്‍
പ്രകാരമാണ്. ഈ അവസരത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂള്‍ കലണ്ടറുകളുമായും താരതമ്യം നടത്തിയാല്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരും. ഗുജറാത്തില്‍ ഇരുന്നൂറ്റി നാല്‍പത്തി മൂന്ന് പ്രവൃത്തി ദിനങ്ങളും, ഉത്തര്‍ പ്രദേശില്‍ ഇരുന്നൂറ്റി മുപ്പത്തി മൂന്ന്, കര്‍ണാടക ഇരുന്നൂറ്റി നാല്‍പത്തി നാല് , ആന്ധ്രാ പ്രദേശില്‍ ഇരുന്നൂറ്റി മുപ്പത്തി മൂന്ന്, ഡല്‍ഹിയില്‍ ഇരുന്നൂറ്റി ഇരുപത് എന്നീ പ്രകാരവും പ്രവൃത്തി ദിനങ്ങളാണുള്ളത്.
സിഎംഎസ്, കെ.പി.എസ്.എം.എ., എയിഡഡ് സ്‌കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ മദ്രസാ ബോര്‍ഡ് മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റി,എല്‍.എം.എസ്. ,എസ്.എന്‍. ട്രസ്റ്റ് സ്‌കൂള്‍സ്, എസ്.എന്‍.ഡി.പി. യോഗം സ്‌കൂള്‍സ്, കേരള എയിഡഡ് സ്‌കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍, സമസ്ത ഇ.കെ. വിഭാഗം, എ.പി. വിഭാഗം, എന്‍ എസ് എസ് എന്നീ വിഭാഗങ്ങളാണ് സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും മന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



