ആഗോള താപനിലയില്‍ ഭയപ്പെടുത്തുന്ന വര്‍ധന; മനുഷ്യരാശി ഗുരുതര ഭീഷണിയില്‍

ജനീവ: ലോക കാലാവസ്ഥ തകിടം മറിയുന്നുവെന്ന് യു എന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട്. വര്‍ധിച്ചു വരുന്ന താപതരംഗങ്ങളും വരള്‍ച്ചയും പേമാരിയും ചുഴലിക്കാറ്റും വരും കാലങ്ങളില്‍ ഇന്ത്യയിലും ഉപഭൂഖണ്ഡത്തിലുടനീളം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐ പി സി സി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യരാശി ഗുരുതര ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മിക്ക രാജ്യങ്ങളിലും കൊടും വരള്‍ച്ചയുടെയും പേമാരിയുടെയും എണ്ണം ഇരട്ടിയായി. അമേരിക്കയും ബ്രസീലും നേരിടുന്നത് നൂറ്റാണ്ടിനിടയിലെ വലിയ കാലാവസ്ഥാ മാറ്റങ്ങളാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ശരാശരിയിലും കനത്ത മഴ ഏഷ്യയുടെ ഭൂരിഭാഗവും വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ലോകമെങ്ങും കാട്ടുതീ ക്രമാതീതമായി വര്‍ധിക്കുന്നു. വരും വര്‍ഷങ്ങളില്‍ അതീവ ഗുരുതര കാലാവസ്ഥാ സാഹചര്യങ്ങള്‍ ഉണ്ടാകും.

സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതം കോടിക്കണക്കിന് മനുഷ്യരെ ബാധിക്കും. നൂറ്റി ഏഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടു കൂടിയ കാലം ആണ് ഇപ്പോള്‍ ഭൂമിയിലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനം പഠിക്കുന്ന യു എന്‍ സമിതിയായ ഐ പി സി സിയുടേതാണ് റിപ്പോര്‍ട്ട്. ആഗോള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇതുവരെ നടന്ന ഏറ്റവും സമഗ്രമായ പഠനമാണ് ഐ പി സി സിയുടേത്.

 

Share news
error: Content is protected !!
Scroll to Top