Section

malabari-logo-mobile

അപൂര്‍വ രോഗം ബാധിച്ച അസം സ്വദേശിനിക്ക് പുതുജീവന്‍ നല്‍കി ജനറല്‍ ആശുപത്രി

HIGHLIGHTS : General Hospital gave a new life to a native of Assam suffering from a rare disease

അപൂര്‍വ രോഗം ബാധിച്ച അസം സ്വദേശിനിയായ പൂജയ്ക്ക് (26) പുതുജീവന്‍ നല്‍കി തിരുവനന്തപുരം ജനറല്‍ ആശുപത്രി. എല്‍ഇടിഎം ന്യൂറോമെയിലൈറ്റിസ് ഒപ്റ്റിക്ക സ്‌പെക്ട്രം ഡിസോര്‍ഡര്‍ (LETM Neuromyelitis Optica Spectrum Diosrder) എന്ന അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായ രോഗിയെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ലക്ഷത്തില്‍ ഒരാള്‍ക്ക് കണ്ടുവരുന്ന ഈ അപൂര്‍വ രോഗത്തിന്റെ രോഗമുക്തി നിരക്ക് കുറവാണ്. മികച്ച ചികിത്സ നല്‍കി രോഗിയെ രക്ഷിച്ചെടുത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഒക്ടോബര്‍ 26ന് പൂജയെ ഇരു കൈകളും കാലുകളും തളര്‍ന്ന നിലയിലാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഉടന്‍തന്നെ എംആര്‍ഐ സ്‌കാനിംഗ് പരിശോധന നടത്തുകയും ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. പരിശോധനയില്‍ പൂജയ്ക്ക് എല്‍ഇടിഎം ന്യൂറോമെയിലൈറ്റിസ് ഒപ്റ്റിക്ക സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് മനസിലാക്കി. തുടര്‍ന്ന് രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് പ്ലാസ്മ എക്‌ചേഞ്ച് ചികിത്സ നല്‍കി. ആഴ്ചകള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ പൂജ രോഗമുക്തി നേടി. അടുത്ത ദിവസം പൂജയെ ഡിസ്ചാര്‍ജ് ചെയ്യും. പൂര്‍ണമായും സൗജന്യമായാണ് ചികിത്സ ലഭ്യമാക്കിയത്.

sameeksha-malabarinews

ന്യൂറോളജിസ്റ്റ് ഡോ. കൃഷ്ണപ്രിയയുടെ നേതൃത്വത്തിലുള്ള ന്യൂറോ ഐ.സി.യു ടീം, ഡോ. ബിപിന്‍, ഡോ. മധു എന്നിവരുടെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ ടീം, ഡോ. മീനാകുമാരി, ഡോ. നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനറല്‍ മെഡിസിന്‍ ടീം, ഡോ. ലിജിയുടെ നേതൃത്വത്തിലുള്ള നെഫ്രോളജി ടീം, ഫിസിയോതെറാപ്പി ടീം, സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. സുകേഷ് രാജ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ആംബുലന്‍സ് ടീം, മറ്റ് ജീവനക്കാര്‍ എന്നിവരുടെ അഹോരാത്രമുള്ള കഠിന പരിശ്രമത്തിന്റെ ഫലമായി പരസഹായം കൂടാതെ പൂജ ജീവിതത്തിലേക്ക് നടന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!