കോഴിക്കോട് : തുടര്‍ച്ചയായി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ തിരൂര്‍ സ്വദേശി പൂക്കോയയെ കോഴിക്കോട് ജില്ലാ കലക്ടര്‍ സി.എ ലതയുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ(കാപ്പ) പ്രകാരമാണ് നടപടി. കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം, കഞ്ചാവ് കൈവശംവെക്കല്‍ തുടങ്ങിയ കറ്റകൃത്യങ്ങള്‍ക്ക് പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടും ഇയാള്‍ നിരന്തരമായി ഇതേ സ്റ്റേഷന്‍പരിധിയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന കാര്യം ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകളക്ടര്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ മേയില്‍ എറണാകുളത്ത് നടന്ന കാപ്പ സംബന്ധിച്ച സംസ്ഥാനതല ശില്‍പ്പശാലയിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും സ്‌കൂള്‍പരിസരത്ത് മയക്കുമരുന്ന് വില്‍പ്പനക്കെതിരെ പോലീസ് ഊര്‍ജ്ജിത നടപടി സ്വീകരിച്ചു വരുന്ന സാഹചര്യത്തിലും മയക്കുമരുന്ന് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ കാപ്പ പ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പൊതുജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ പരിധിയില്‍ പെടുത്തി നടപടി സ്വീകരിക്കും. അനധികൃതഖനനം, സ്‌കൂള്‍പരിസരത്തെ മയക്കുമരുന്ന് വില്‍പ്പന, കൊള്ളപ്പലിശ, മണല്‍കടത്ത്, പരിസ്ഥിതിനാശം, വനനശീകരണം എന്നിവയിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമം പ്രയോഗിക്കും. ഇതിനായി വനം- എക്‌സൈസ് വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും പരിഗണിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




