HIGHLIGHTS : Gang rape in Hampi; Two arrested
ബെംഗളൂരു: കര്‍ണാടകയിലെ ഹംപിയില്‍ വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ഗംഗാവതി സ്വദേശിയായ നിര്‍മ്മാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി. ഗംഗാവതി സായ് നഗര്‍ സ്വദേശികളായ സായ് മല്ലു, ചേതന്‍ സായ് എന്നിവരെ ഇന്നലെ കൊപ്പല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മൂന്നാമന് വേണ്ടി തെരച്ചില്‍ നടത്തുന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തതായും കൂടെയുള്ളവരെ ആക്രമിച്ചതായും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സംഭവം നടന്ന സനാപൂര്‍ തടാകത്തിന് സമീപത്തുള്ള ദുര്‍ഗമ്മ ക്ഷേത്രത്തിന് മുന്നിലെ സിസിടിവികളില്‍ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവുകള്‍ കിട്ടിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന ഇരകളുടെ മൊഴികളും നിര്‍ണായകമായി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
കര്‍ണാടകയിലെ ഹംപിയില്‍ വിദേശ വനിതയെയും ഹോം സ്റ്റേ ഉടമയേയുമാണ് കൂട്ടബലാത്സംഗം ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവാക്കളെ അക്രമികള്‍ മര്‍ദ്ദിച്ച് തടാകത്തില്‍ തള്ളിയ ശേഷമായിരുന്നു കൂട്ടബലാത്സംഗം. വെള്ളത്തില്‍ വീണ യു എസ് പൗരനായ യുവാവും മഹാരാഷ്ട്ര സ്വദേശിയും പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ ഒഡിഷ സ്വദേശിയായ യുവാവിനെ കാണാതായി. പതിനാല് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് തടാകത്തിന്റെ ഒരു കൈവഴിയില്‍ ഈ യുവാവിന്റെ മൃതദേഹം കണ്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു