ബെംഗളുരു: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ ആദ്യഘട്ട ഗഗന്‍യാന്‍
പരീക്ഷണ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഐസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 10 മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷനാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. മുന്‍ നിശചയിച്ച പ്രകാരം 17 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് പാരച്യൂട്ടിന്റെ സഹായത്തോടെ ശ്രീഹരിക്കോട്ടയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങി.
ബഹിരാകാശ യാത്രികരെ സുരക്ഷിതമായി താഴെയിറക്കുന്നതിലാണ് ഇന്ന് പരീക്ഷണം നടത്തിയത്. വിക്ഷേപണം നടത്തിയതിനു ശേഷം ഭ്രപണപഥത്തിലെത്തും മുമ്പ് ദൗത്യം ഉപേക്ഷിക്കേണ്ട ഘട്ടം വന്നാല്‍ യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങള്‍ പരിശോധിക്കലാണ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍. അടുത്ത വര്‍ഷാവസാനം മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കാന്‍ ആണ് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്.




