Section

malabari-logo-mobile

കെ.എസ്.ആര്‍.ടി.സിയില്‍ ജി-സ്പാര്‍ക്ക് യാഥാര്‍ഥ്യമായി; സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു

HIGHLIGHTS : G-Spark becomes a reality in KSRTC; Minister Antony Raju performed the switch on function

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളവും സര്‍വീസ് സംബന്ധമായ വിവരങ്ങളും ലഭ്യമാക്കാന്‍ ജി-സ്പാര്‍ക്ക് സംവിധാനത്തിന് തുടക്കമായി. തിരുവനന്തപുരം ചീഫ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജി-സ്പാര്‍ക്ക് സോഫ്‌റ്റ്വെയറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു.

ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ഇന്ധനവില വര്‍ദ്ധനവിലും കാര്യമായ വരുമാനം ഇല്ലെങ്കിലും വേതനത്തില്‍ ഒരു കുറവും വരുത്താതെയാണ് ഇതുവരെ മുന്നോട്ട് പോകാന്‍ കഴിഞ്ഞത്.

sameeksha-malabarinews

74 കോടി രൂപ മുടക്കി നിര്‍മ്മിച്ച കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ സ്ഥിതിചെയ്യുന്ന കെ.എസ്.ആര്‍.ടി.സിയുടെ മനോഹരമായ ഷോപ്പിംഗ് കോംപ്ലക്‌സ് 100 ദിന പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ ഉത്തരവ് എത്രയും വേഗം പുറപ്പെടുവിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന തരത്തിലാണ് ജി-സ്പാര്‍ക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കിട്ടുന്ന ശമ്പളത്തെ സംബന്ധിച്ചും അതില്‍ വരുന്ന കുറവുകളെ സംബന്ധിച്ചും വ്യക്തമായ ധാരണ കിട്ടുന്ന സംവിധാനമായി മാറുകയാണ് ജി-സ്പാര്‍ക്ക്. കെ.എസ്.ആര്‍.ടി.സിയിലെ 27000 ത്തോളം വരുന്ന ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങള്‍ മുഴുവനും ജി-സ്പാര്‍ക്ക് സോഫ്റ്റവെയറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശമ്പളം, ശമ്പള ബില്‍ കാണുക, ലീവ്, പി.എഫ്,സര്‍വീസ് സംബന്ധമായ വിവരങ്ങള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ജി-സ്പാര്‍ക്ക് വഴി ഓണ്‍ലൈനായി ലഭ്യമാകും.
കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) മുഹമ്മദ് അന്‍സാരി സ്വാഗതം പറഞ്ഞു. എഫ്.എ & സി.എ.ഒ യുടെ ചുമതലയുള്ള ജനറല്‍ മാനേജര്‍-നോഡല്‍ ഓഫീസര്‍ ആനന്ദകുമാരി എസ്, സയന്റിസ്റ്റ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ പ്രതിനിധി ജയകുമാര്‍ ജി, മാനേജര്‍ സ്പാര്‍ക്ക് കേരള ഗിരീഷ് പറക്കാട്ട്, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും സ്പാര്‍ക്കും ചേര്‍ന്നാണ് സോഫ്‌ട്വെയര്‍ തയ്യാറാക്കി പ്രവത്തന സജ്ജമാക്കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!