പരപ്പനങ്ങാടി ദിനംപ്രതി അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ പരപ്പനങ്ങാടിയില്‍ വ്യാപക പ്രതിഷേധം. കേന്ദ്രസര്‍ക്കാരിന്റെ ഈ നയത്തിനെതിരെ നിരവധി സംഘടനകളാണ്സമരവുമായി രംഗത്തെത്തിയത്
ഡീസല്‍ വില വര്‍ധനവിനെതിരെ തിരൂരങ്ങാടി താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പരപ്പനങ്ങാടിയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പൊതുഗതാഗതം സംരക്ഷിക്കുക, ഡീസലിന്റെ വര്‍ദ്ധിപ്പിച്ച നികുതി പിന്‍വലിക്കുക, എണ്ണകമ്പനികളുടെ കൊള്ള അവസാനിപ്പിക്കുക, ബസ് സര്‍വീസിനുള്ള ഡീസലിന് സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ എച്ച് ഹനീഫ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. റഫീഖ് പടിക്കല്‍, സലേഷ് വി ബ്രദേഴ്സ്, മലയില്‍ നാസര്‍, അനീഷ് അമ്പാടി, എ ടി എ അലി പ്രസംഗിച്ചു.
ഒരാഴ്ച്ചകൊണ്ട് ലിറ്ററിന് 9 രൂപയോളം വര്‍ദ്ധനവാണ് ഉണ്ടായത്. ചരക്ക്‌നീക്കത്തിന് വാടക വര്‍ദ്ധനവ് വരുന്നത് സാധനങ്ങളുടെ വില വര്‍ദ്ധനവിനും കാരണമാകുന്നു ഇതിനെല്ലാം പരിഹാരമായി ഇന്ധന വില കുറക്കണമെന്ന് യൂത്ത് വിംഗ് ആവശ്യപ്പെട്ടു. ചടങ്ങില്‍ മര്‍ച്ചന്റ് യൂത്ത് വിംഗ് പരപ്പനങ്ങാടി യൂണിററ് പ്രസിഡന്റ് ഷൗക്കത്ത് ഷാസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗം അഷ്‌റഫ് കുഞ്ഞാവാസ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് എം വി മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി.
ദിവസേനയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ ജില്ലാ മോട്ടോര്‍ തോഴിലാളി യൂനിയന്‍ എസ് ടി യു ജില്ലയിലെ 200ല്‍ പരം പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയിലെ അഞ്ച് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലും പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി. പരപ്പനങ്ങാടി ടൗണ്‍, അഞ്ചപ്പുര, ചിറമംഗലം, ചെട്ടിപ്പടി, പുത്തന്‍പീടിക എന്നീ പമ്പുകള്‍ക്ക് മുന്നില്‍ നടന്ന നില്‍പ്പ് സമരം മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എസ് ടി യു സംസ്ഥാന സെക്രട്ടറി ഉമ്മര്‍ ഓട്ടുമ്മല്‍, അബ്ദുല്‍ റസാഖ് ചേക്കാലി, നവാസ് ചിറമംഗലം, ജാഫര്‍ കോലാക്കല്‍, പി കുഞ്ഞിക്കോയ എന്നിവര്‍ യഥാക്രമം ഉദ്ഘാടനം ചെയ്തു.




