Section

malabari-logo-mobile

വിവരാവകാശ നിയമം സാധാരണക്കാരുടെ ആയുധം: വിവരാവകാശ കമ്മീഷന്‍

HIGHLIGHTS : Freedom of Information Act Weapon of the common man: Right to Information Commission

രാജ്യത്തെ സാധാരണക്കാരന്റെ ആയുധമാണ് വിവരാവകാശ നിയമമെന്നും സാധാരണക്കാരന്റെ കോടതിയാണ് വിവരാവകാശ കമ്മീഷനെന്നും ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഏകദിന വിവരാവകാശ ശില്‍പ്പശാലയില്‍ വിവരാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമത്തെപ്പറ്റി ജില്ലയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ കൂടുതല്‍ അവബോധമുണ്ടാക്കാനായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍, ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ പി.ആര്‍ ശ്രീലത ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തില്‍ ജനങ്ങളെ പങ്കാളികളാക്കുന്ന ഒറ്റമൂലിയാണ് വിവരാവകാശ നിയമമെന്ന് അവര്‍ പറഞ്ഞു. അഴിമതി രഹിത സമൂഹം യാഥാര്‍ത്ഥ്യമാക്കാന്‍ വിവരാവകാശ നിയമത്തിന് സാധിക്കും. ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.

sameeksha-malabarinews

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമായി നിലവില്‍ വന്നതാണ് വിവരാവകാശ നിയമമെന്ന് വിഷയാവതരണം നടത്തിയ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹകീം പറഞ്ഞു. പൗരന്റെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതിനാല്‍ വിവരാവകാശ നിയമത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ശരിയായി മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മറുപടികള്‍ നല്‍കാന്‍ 30 ദിവസം വരെ കാത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട്. അതുവേണ്ട, മറുപടികള്‍ അല്ലെങ്കില്‍ വിവരങ്ങള്‍ 30 ദിവസത്തിനകം അപേക്ഷകന്റെ കൈവശം എത്തണം എന്നാണ് നിയമത്തില്‍ പറയുന്നത്. വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ അതിനുമുന്നേ അപേക്ഷകന് അവ നല്‍കാം. വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിവരാവകാശ നിയമത്തില്‍ പറയുന്ന ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. വിവരാവകാശ അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നിയമങ്ങളല്ല മറിച്ച് വിവരാവകാശ നിയമപ്രകാരമാകണം മറുപടികള്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ഡെപ്യൂട്ടി കളക്ടര്‍ ഡോ. എം.സി റെജില്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. അലി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍, അപ്പലേറ്റ് അതോറിറ്റി, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓപീസര്‍മാര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് വിവരാവകാശ കമ്മീഷണര്‍മാര്‍ മറുപടി നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!