സ്വകാര്യ വ്യക്തിയുടെ കുറ്റം സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെക്കുന്നു; വഴിക്കടവ് സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി

തിരുവനന്തപുരം: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയില്‍ നിന്നാണ് വിദ്യാര്‍ഥിക്കടക്കം ഷോക്കേറ്റതെന്നും വനംവകുപ്പിനോ സര്‍ക്കാറിനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്നത് ഖേദകരമാണ്. സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ചിലര്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത്. സംഭവം അന്വേഷിക്കുമെന്നും വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വ്യക്തി കാട്ടിയ നിയമലംഘനത്തിന് വനംവകുപ്പിനെ പഴി പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നത്. വനം വകുപ്പ് ഇലക്ട്രിക് ഫെന്‍സിംഗ് സ്ഥാപിക്കാറില്ല സോളാര്‍ ഫെന്‍സിങ് മാത്രമേ സ്ഥാപിക്കാറുള്ളൂ. വഴിക്കടവ് പഞ്ചായത്ത് കാട്ടു പന്നികളെ നിയന്ത്രിക്കാന്‍ എന്‍്ത് നടപടികള്‍ സ്വീകരിച്ചു എന്ന് പരിശോധിക്കണം.

പല പഞ്ചായത്തുകളും വനം വകുപ്പുമായി സഹകരിക്കുന്നില്ല. വനം വകുപ്പിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ അതും പരിശോധിക്കും. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top