ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങള്‍ നേരിട്ട് അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറുകള്‍ക്കായെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വീട് അടക്കമുള്ള ആനുകൂല്യങ്ങള്‍ അതുകൊണ്ട് അര്‍ഹരിലേക്ക് എത്തിക്കാനായി. അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ എത്തുന്നത് തടയാന്‍ ആയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കാരോട് താക്കോല്‍ നല്‍കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറ്റവുമധികം വീട് നഷ്ടവും സ്ഥാവര ജംഗമ വസ്തു നഷ്ടവും ഉണ്ടാകുന്ന വിഭാഗമാണ് കടലിന്റെ മക്കള്‍. കടല്‍ക്ഷോഭം മൂലം സ്വന്തമായി ഉണ്ടാക്കിയതെല്ലാം നഷ്ടമാകുന്നവരുടെ വ്യഥകള്‍ നാം ഏറെ കേട്ടിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് പുനര്‍ഗേഹം പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
തീരദേശത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 18,685 മത്സ്യത്തൊഴിലാളികളെ 2,450 കോടി രൂപ ചെലവഴിച്ചു പുനരധിവസിപ്പിക്കാനുള്ള പദ്ധതിയാണ് ‘പുനര്‍ഗേഹം’ . കേരളത്തിന്റെ കാലാവസ്ഥ തന്നെ മാറിമറിയുന്ന പശ്ചാത്തലത്തില്‍ പുനര്‍ഗേഹം പോലുള്ള പദ്ധതികളുടെ പ്രസക്തി വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ തന്നെ തീരദേശ വാസികളുടെ പുനരധിവാസത്തിനു സര്‍ക്കാര്‍ മുന്‍കൈ എടുത്തു നടത്തുന്ന ആദ്യ പദ്ധതിയാണ് ഇത്. ഫിഷറീസ് വകുപ്പ് കൃത്യമായ സര്‍വേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത് എന്നത് അര്‍ഹതപ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി 308 വീടുകളുടെയും 276 ഫ്‌ലാറ്റുകളുടെയും ഗൃഹപ്രവേശനവും താക്കോല്‍ദാനവുമാണ് നടന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.




