വിനോദയാത്രയ്ക്കിടയില്‍ ഭക്ഷ്യവിഷബാധ: സ്‌പെഷ്യല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജില്‍

കോഴിക്കോട് : വിനോദയാത്രയ്ക്കിടയില്‍ ഭക്ഷ്യവിഷബാധയേറ്റ സ്‌പെഷ്യല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും അനുഗമിച്ച കെയര്‍ടേക്കര്‍മാരുമാണ് ഭക്ഷ്യ വിഷബാധയ്ക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.

104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് രാത്രി പത്തരയോടെ ചികിത്സ തേടി മെഡിക്കല്‍ കോളെജില്‍ എത്തിയത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളെജില്‍ ബന്ധപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, അടിയന്തര ചികിത്സാ നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹന് നിര്‍ദേശം നല്‍കി.

ആശുപത്രിയിലെ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ജീവനക്കാരും രാത്രിയിലും സേവനനിരതരായി രംഗത്തുണ്ട്. ചികിത്സയില്‍ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top