ഭക്ഷ്യവിഷബാധ : കൂള്‍ ബാറിന്റെ വാഹനം കത്തിച്ചു; ഉടമയെ വിളിച്ചുവരുത്തുമെന്ന് പൊലീസ്

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ച സംഭവത്തില്‍ ഐഡിയല്‍ കൂള്‍ ബാറിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് കൂള്‍ ബാറിന് നേരെ ആക്രമണമുണ്ടായത്. കൂള്‍ ബാറിന്റെ ആവശ്യങ്ങള്‍ക്കായി മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനും ആക്രമികള്‍ തീ വച്ച് നശിപ്പിച്ചു. കടയ്ക്ക് നേരെ ഇന്നലെ വൈകിട്ട് കല്ലേറുണ്ടായിരുന്നു.കല്ലേറില്‍ കൂള്‍ബാറിന്റെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ, വിദേശത്തുള്ള ഐഡിയല്‍ കൂള്‍ബാര്‍ ഉടമയെ വിളിച്ചുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനാണ് നടപടി.

അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റില്‍നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ (16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഷവര്‍മ കഴിച്ച മറ്റു 17 വിദ്യാര്‍ഥികളെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ദേവനന്ദയുടെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് എ.വി. സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍.

ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഐഡിയല്‍ ഫുഡ് പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ അനക്സ്, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top