
ഒളവണ്ണ: എഡ്യൂസ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ട്രെയിനിങ് സെന്ററിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 14 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഭാത ഭക്ഷണം കഴിച്ചതിനുശേഷം ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥാപനം അടച്ചുപൂട്ടാന്‍ പഞ്ചായത്ത് ഉത്തരവിട്ടു.
ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗസല്യയോജന പദ്ധതിയുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് ടിആര്‍എന്‍ ടവറിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതേ കെട്ടിടത്തില്‍ തന്നെയാണ് പെണ്‍കുട്ടികള്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മൂന്നാം നിലയില്‍ ട്രെയിനിങ് സെന്ററും നാലാം നിലയില്‍ ഗേള്‍സ് ഹെസ്റ്റലുമാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നാലാം നിലയിലെ ഹാളിലാണ് എണ്‍പത്തിയഞ്ചിലധികം പെണ്‍കുട്ടികളെ താമസിപ്പിച്ചിട്ടുള്ളത്. ആവശ്യമായ ടോയലറ്റ് സൗകര്യങ്ങളോ ശുദ്ധജലമോ ഇല്ല. ക്ലാസ് മുറികളും ഹോസ്റ്റല്‍ മുറിയും പൊടിപടലം നിറഞ്ഞതിനാല്‍ ശ്വാസംമുട്ടല്‍ പതിവാണ്. പരാതി നല്‍കിയിട്ടും സ്ഥാപന ഉടമകള്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ഈ മാസം ആദ്യമായാണ് ക്ലാസ് തുടങ്ങിയത്. ഇതിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ് ബാധിച്ചു. കോവിഡ് ബാധിതയായ വിദ്യാര്‍ത്ഥിയ്ക്ക് ആശുപത്രി സേവനവും മരുന്നും നല്‍കാതെ മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം താമസിപ്പിച്ചു.
കെട്ടിടത്തിനും ട്രെയിനിങ് സെന്ററിനും ഹോസ്റ്റലിനും അനുമതി നല്‍കിയിട്ടില്ലെന്ന് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതിയും ഫുഡ് ലൈസന്‍സ് എടുത്തിട്ടില്ലെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു.
പോലീസും പഞ്ചായത്തധികൃതരും പരിശോധിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, വൈസ് പ്രസിഡന്റ് രവി പറശ്ശേരി, സ്ഥിരം സമിതി അധ്യക്ഷരായ എം. സിന്ധു, പി ബാബു രാജന്‍, വാര്‍ഡ് മെമ്പര്‍ ഇ എം വിനോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോഷി, ഡോ. ദീപ, ജെ.എച്ച്‌ഐമാരായ ബ്രിജിത്ത്, സ്മിത, അസി. സെക്രട്ടറി ജമീല എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം കൊടുത്തു.




