Section

malabari-logo-mobile

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല, മുന്‍കരുതല്‍ നടപടികളുമായി ഭക്ഷ്യവകുപ്പ്

HIGHLIGHTS : തിരുവനന്തപുരം: കോവിഡിനുശേഷം കാലവര്‍ഷം തുടങ്ങുന്ന സാഹചര്യത്തില്‍ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ആറുമാസത്തേക്ക് കരുതല്‍ ധാന്യശേഖരം ഉറപ്പുവരുത്ത...

തിരുവനന്തപുരം: കോവിഡിനുശേഷം കാലവര്‍ഷം തുടങ്ങുന്ന സാഹചര്യത്തില്‍ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ആറുമാസത്തേക്ക് കരുതല്‍ ധാന്യശേഖരം ഉറപ്പുവരുത്തിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. കോവിഡ് കാലത്ത് തുടര്‍ച്ചയായി സപ്ലൈകോ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിപ്പിച്ചും, സമൂഹ അടുക്കളകള്‍ക്കായി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തും അതിജീവനക്കിറ്റുകള്‍ ജനങ്ങളില്‍ എത്തിച്ചും സൗജന്യ റേഷന്‍ വിതരണം ചെയ്തും ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ വകുപ്പിന് സാധിച്ചതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആറു മാസത്തേക്കുള്ള ധാന്യശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്. പയറുവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കയറ്റം ഉണ്ടാകാതെ ഇരിക്കാന്‍ കരുതല്‍ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്. 4.39 ലക്ഷം മെട്രിക് ടണ്‍ അരിയും 1.18 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും സംസ്ഥാനത്തിന്റെ കൈവശമുണ്ട്.
കോവിഡ് ലോക്ഡൗണ്‍ കാലയളവില്‍ വകുപ്പിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്തവിധം ഇടപെടല്‍ നടത്താനായി. ഏപ്രില്‍ മാസം 85.55 ലക്ഷം കാര്‍ഡുടമകള്‍ (97.95%) സൗജന്യ റേഷന്‍ വാങ്ങി. ഏപ്രില്‍ മാസത്തില്‍ 1.41 ലക്ഷം മെട്രിക് ടണ്‍ അരിയും 15709 മെട്രിക് ടണ്‍ ഗോതമ്പും വിതരണം ചെയ്തു. മെയ് മാസത്തിലും 84.98 ലക്ഷം കാര്‍ഡുകള്‍ 97.26% റേഷന്‍ വാങ്ങി. 92796 മെട്രിക് ടണ്‍ അരിയും 15536 ഗോതമ്പും 4572 മെട്രിക് ടണ്‍ ആട്ടയും വിതരണം ചെയ്തു. പ്രധാനമന്ത്രി ഗ്രാമീണ കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള അരി ഏപ്രില്‍, മെയ് മാസങ്ങളില്‍ വിതരണം ചെയ്തു. ഏപ്രില്‍ മാസത്തില്‍ 36.51 ലക്ഷം കാര്‍ഡുകള്‍ക്ക് 75,362 മെട്രിക് ടണ്‍ അരി വിതരണം ചെയ്തു. മെയ് മാസത്തില്‍ 71000 മെട്രിക് ടണ്‍ അരി വിതരണം ചെയ്തു. കൂടാതെ 6065 മെട്രിക് ടണ്‍ കടല വിതരണം ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം 41136 അതിഥി തൊഴിലാളികള്‍ക്ക് 408 മെട്രിക് ടണ്‍ അരി വിതരണം ചെയ്തു.
ധാന്യവിഹിതം കുറച്ചു ലഭിച്ചിരുന്ന മുന്‍ഗണനാ ഇതര വിഭാഗങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരി വിതരണം ചെയ്തു. 33876 മെട്രിക് ടണ്‍ സ്‌പെഷ്യല്‍ അരിയാണ് നീല, വെള്ള കാര്‍ഡുകള്‍ക്ക് വിതരണം ചെയ്തത്.
കേരളത്തില്‍ ഒരിടത്തും റേഷന്‍ കാര്‍ഡ് ഇല്ലാതിരുന്ന 33000 പേര്‍ക്ക് ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സൗജന്യ റേഷന്‍ ഏപ്രില്‍ മാസത്തില്‍ നല്‍കി. അപേക്ഷ നല്‍കി 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം നാളിതുവരെ 37000 ആളുകള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് നല്‍കി.
സപ്ലൈകോയുടെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഭക്ഷ്യ കിറ്റ് വിതരണത്തിനായി തയ്യാറാക്കിയത്. കിറ്റില്‍ ഉള്‍പ്പെടുന്ന സാധനങ്ങളുടെ വാങ്ങലിനു പുറമെ പാക്കിംഗ് ചാര്‍ജ്ജ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജ്, കടത്തുകൂലി, കയറ്റിറക്കു കൂലി, ഭക്ഷണ കാര്യങ്ങള്‍ക്ക് നല്‍കിയ പ്രത്യേക തുക, ജീവനക്കാര്‍ക്ക് നല്‍കിയ അധികവേതനം ഉള്‍പ്പെടെ ഒരു കിറ്റിന് ശരാശരി ചെലവായ തുക 974.03 രൂപ (ഓഡിറ്റിന് വിധേയം)യാണ്.
കിറ്റ് വിതരണത്തിനായി സര്‍ക്കാരില്‍ നിന്നുള്ള സഹായം 756 കോടി രൂപയായിരുന്നു. മികച്ച ആസൂത്രണത്തോടെയാണ് പര്‍ച്ചേസ് നടപടികള്‍ സ്വീകരിച്ചത്. ആകെ തയ്യാറാക്കിയ കിറ്റുകള്‍ 87,28,806 കിറ്റുകളാണ്. എ.എ.വൈ കിറ്റുകളുടെ തയ്യാറാക്കല്‍ മാര്‍ച്ച് 31 ന് ആരംഭിക്കുകയും 5.92 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള കിറ്റ് വിതരണം ഏപ്രില്‍ 11ന് പൂര്‍ത്തിയാക്കുകയും ചെയ്തു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 586433 കാര്‍ഡുടമകള്‍ കിറ്റുകള്‍ കൈപ്പറ്റി. പി.എച്ച്.എച്ച് ഗുണഭോക്താക്കളുടെ എണ്ണം 31.80 ലക്ഷം ആയിരുന്നു. ഇവര്‍ക്കുള്ള കിറ്റുകള്‍ തയ്യാറാക്കല്‍ ഏപ്രില്‍ ഏഴിന് ആരംഭിക്കുകയും വിതരണം ഏപ്രില്‍ 30ന് പൂര്‍ത്തീകരിക്കുകയും ചെയ്തു. 31,29,315 കുടുംബങ്ങള്‍ കിറ്റുകള്‍ വാങ്ങിയിട്ടുണ്ട്. 25.8 ലക്ഷം എന്‍.പി.എസ് ഗുണഭോക്താക്കള്‍ക്കുള്ള കിറ്റുകളുടെ തയ്യാറാക്കലും വിതരണവും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ സപ്ലൈകോയ്ക്ക് സാധിച്ചു, 24,28,688 കാര്‍ഡുടമകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി. ഇനിയും കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സപ്ലൈകോയുടെ വിപണനശാലകളില്‍ ജൂണ്‍ 10 മുതല്‍ 15 വരെ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സപ്ലൈകോ വിപണനശാലകളില്‍ സമീപിക്കാം. റേഷന്‍ കാര്‍ഡുടമകളെ കൂടാതെ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രി മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ നല്‍കാന്‍ നടപടിയെടുത്തതായി മന്ത്രി പറഞ്ഞു.
ഇതുവഴി പ്രതിസന്ധികാലത്ത് ഉണ്ടാകുമായിരുന്ന അരിയുടെയും അവശ്യവസ്തുക്കളുടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്താനായതായി മന്ത്രി പറഞ്ഞു. പൊതുവിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ ആകെ 34720 പരിശോധനകള്‍ നടത്തി. 4038 ക്രമക്കേടുകള്‍ കണ്ടെത്തി. ലീഗല്‍ മെട്രോളജി വകുപ്പിന്റെ അളവുതൂക്ക പരിശോധനയില്‍ 17360 പരിശോധനകള്‍ നടത്തി. 2291 കേസുകള്‍ എടുത്തു. 88 ലക്ഷം രൂപ കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കി. അവശ്യവസ്തു നിയമ പ്രകാരം സര്‍ക്കാര്‍ പരമാവധി വില്‍പ്പന നികുതി നിശ്ചയിച്ച മൂന്ന് ലെയര്‍ മാസ്‌ക്കിനും 13 രൂപ പരമാവധി വില നിശ്ചയിച്ച കുപ്പി വെള്ളത്തിനും കൂടുതല്‍ വില ഈടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി കേസുകള്‍ എടുത്തിട്ടുണ്ട്. റേഷന്‍ അരിക്ക് തൂക്കത്തില്‍ കുറച്ച് വില്‍പ്പന നടത്തിയതിനും മറ്റ് ക്രമക്കേടുകള്‍ക്കും 698 കേസുകള്‍ എടുത്തിട്ടുണ്ട്. ഇതിനുതന്നെ 8.12 ലക്ഷം പിഴ ഈടാക്കി. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ക്കശമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ഇലക്ട്രോണിക് റേഷന്‍ കാര്‍ഡും വിതരണം താമസിക്കാതെ ആരംഭിക്കും. റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പരുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് റേഷന്‍ കടകളിലോ, അക്ഷയ സെന്ററുകളിലോ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി പി. വേണുഗോപാല്‍, ഡയറക്ടര്‍ ഹരിത എസ്. കുമാര്‍, സപ്ലൈകോ എം.ഡി കൃഷ്ണതേജ, എം.എന്‍.ആര്‍.ഇ.ജി.എ മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ.ടി വര്‍ഗീസ് പണിക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!