സ്ത്രീ കൂട്ടായ്മയുടെ കാരുണ്യ ഹസ്തവുമായി അവര്‍ തെക്കു തെക്കൂന്ന് പരപ്പനങ്ങാടിയിലെത്തി

പരപ്പനങ്ങാടി: തെക്കും വടക്കും പറഞ്ഞ് സ്‌നേഹമുള്ള മലയാളി മനസിനെ വിഭജിക്കാന്‍ കഴിയില്ലെന്ന് നമ്മള്‍ തെളിയിച്ചു കൊണ്ടേയിരിക്കുന്നു. പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പരപ്പനങ്ങാടി ബി ഇ എം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത് രണ്ട് സ്ത്രീകളായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം വനിതകളുടെ കൂട്ടായ്മായ സാഹിതിയുടെ കുടപ്പനക്കൂന്ന് യൂണിറ്റിലെ പ്രവര്‍ത്തകരായ അരുണയും ,ഗാഥയുമാണ് ഒരു വാഹനം നിറയെ ദുരിതബാധിതര്‍ക്കുള്ള അവശ്യ സാധനങ്ങളുമായി ഇന്ന് പുലര്‍ച്ചെ ക്യാമ്പിലെത്തിയത്.

ദിയ സന, ജീജോ സോമന്‍,പ്രേംജിത്ത്,രതീഷ് രോഹിണി എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മാനവീയം കൂട്ടായ്മ ശേഖരിച്ച വസ്തുക്കളാണ് ദുരിതബാധിതര്‍ക്കായി തങ്ങള്‍ എത്തിച്ചതെന്ന് ഗാഥയും അരുണയും പറഞ്ഞു. ഇവര്‍ കൊണ്ടുവന്ന സാധനങ്ങള്‍ പുലര്‍ച്ചെ തന്നെ ക്യാമ്പ് കോര്‍ഡിനേറ്റര്‍ക്ക് കൊമാറി.

ബുക്ക് മാര്‍ക്ക് അനുവദിച്ച വാഹനത്തില്‍ ജീവനക്കാരനായ മധുകുമാറും അവര്‍ക്ക് എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നു. തങ്ങളുടെ കൂട്ടായ്മ ശേഖരിച്ച് കൊണ്ടിരിക്കുന്ന സാധനങ്ങള്‍ വിവിധ ഭാഗങ്ങളിലെ ദുരിതബാധിതര്‍ക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണെന്നും അവര്‍ മലബാറി ന്യൂസിനോട് പറഞ്ഞു.

Related Articles