പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടും: നിയമസഭ

പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുകയെന്ന കേരളത്തിന്റെ വികാരം തന്നെ നിയമസഭയും പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ സഭയിലെ എല്ലാ അംഗങ്ങളും ഏകകണ്ഠമായി പിന്തുണച്ചു. സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ അടിസ്ഥാനം ഈ ഒത്തൊരുമയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പുനർനിർമാണം എപ്രകാരമായിരിക്കണമെന്നതു സംബന്ധിച്ച് ചർച്ചയിൽ അഭിപ്രായങ്ങളൊന്നും വരാത്തത് ന്യൂനതയായി കാണുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കൂടുതൽ വിശാലമായ പ്ലാറ്റ്ഫോമുകളിൽ ഇതു സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും കരട് രൂപരേഖ മന്ത്രിസഭ ചർച്ചചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പുനർനിർമാണ പ്രവർത്തനം വൈകിയാൽ ജനജീവിതം ദുസ്സഹമാകും. സാമ്പത്തികം എങ്ങനെ സ്വരൂപിക്കാമെന്നും ചർച്ച വന്നില്ല. മഹാദുരന്തത്തിന്റെ ഭാഗമായി പ്രതീക്ഷിക്കാത്ത തരത്തിലുള്ള കഷ്ടനഷ്ടങ്ങളുണ്ടായി. അത്തരമൊരു സാഹചര്യത്തിൽ ഇനിയൊരു ആപത്തുണ്ടാകാത്ത വിധത്തിൽ വേണം ഇനിയുള്ള നിർമാണ പ്രവർത്തനങ്ങൾ. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലും ഉരുൾ പൊട്ടൽ മേഖലകളിലും ഇനിയും ഗൃഹനിർമാണം അനുവദിക്കണോ, ഇതിനായി ശാസ്ത്രീയ പഠനങ്ങൾ വേണോ എന്നീ കാര്യങ്ങളിൽ ചർച്ച തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിക്കിണങ്ങിയ വിവരസാങ്കേതിക വിദ്യകളുപയോഗിച്ച് കൂടുതൽ പഠനം നടത്താനും എല്ലാ വിദഗ്ധരുടെയും ഉപദേശം തേടി നാടിനെ മികച്ച തലത്തിലേക്ക് ഉയർത്താൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിസർവോയറുകളുടെ പരിപാലനം സമഗ്രമാകണമെന്ന സഭയുടെ അഭിപ്രായം പരിഗണനീയമാണ്. മഴയെ പ്രതിരോധിക്കുന്ന വിധത്തിലുള്ള റോഡ് നിർമാണരീതികൾ സ്വീകരിക്കും. നദീതീരങ്ങളിലെ കൃഷിയും വീടുകളും സംരക്ഷിക്കാൻ നടപടി സ്വീകരിക്കും.
ഡാം സുരക്ഷാ അതോറിറ്റി നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. ജീവനോപാധികളുടെ സംരക്ഷണവും ചെറുകിട വ്യാപാരികളുടെ സംരക്ഷണവും ഉറപ്പാക്കും. ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുകയും കെടുതിയുടെ അനുഭവങ്ങളെ സർക്കാർ സമഗ്രമായി വിശകലനം ചെയ്യുകയും ചെയ്യും.
ഫയർ സർവീസിൽ ആധുനികവത്കരണം നടപ്പാക്കും. ജനങ്ങളെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഭാഗമാക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. 2017ൽ ആരംഭിച്ച കമ്യൂണിറ്റി റസ്‌ക്യൂ വോളന്റിയർ സ്‌കീം  ശക്തിപ്പെടുത്തും. കിണർ നിർമാണം, മത്സ്യബന്ധനം, മരംകയറ്റം, ഇലക്ട്രീഷ്യൻ തുടങ്ങിയ തൊഴിൽമേഖലകളിൽ വൈദഗ്ധ്യം നേടിയ തൊഴിലാളികളെ ദുരന്തനിവാരണ പ്രവൃത്തികളുടെ ഭാഗമാക്കും. ഫോർട്ട്കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്‌കൂബാ ഡൈവിംഗ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് ട്രെയ്നിംഗ് ഇൻ വാട്ടർ റസ്‌ക്യൂ ആയി ഉയർത്തും. പോലീസിലും ആധുനികവത്കരണ നടപടികളുണ്ടാവും. മത്സ്യത്തൊഴിലാളി മേഖലയിലെ സമർത്ഥരായ യുവാക്കളെ തീരദേശസേനയുടെ ഭാഗമാക്കും.
ദുരന്തത്തിൽ രേഖകൾ നഷ്ടമായവർക്ക് രേഖകൾ സമയബന്ധിതമായി നൽകുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കും. ഡാം സേഫ്റ്റി അതോറിറ്റി എല്ലാ മാസവും യോഗം ചേർന്ന് ഡാമുകളുടെ നില പരിശോധിക്കുന്നുണ്ട്. ആഗസ്റ്റ് ഏഴിന് അതോറിറ്റി യോഗം ചേർന്ന്  സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് ഡാമുകൾ തുറന്നത്. കാലാവസ്ഥാ പ്രവചനത്തിലുള്ള ന്യൂനതകൾ സംസ്ഥാനത്ത് പ്രളയദുരന്തത്തിന്റെ ആക്കം കൂട്ടാൻ കാരണമായിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കിൽ ശക്തമായ മഴ ഏഴുമുതൽ 11 സെ.മീ. വരെയാണ്. 12 മുതൽ 20 സെ.മീ. വരെ അതിശക്തമായ മഴയും 20 സെ.മീറ്ററിനു മുകളിൽ അതിതീവ്രമായ മഴയുമാണ്.
ആഗസ്റ്റ് മാസത്തിൽ അതിതീവ്രമഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. ആഗസ്റ്റ് ഒന്നുമുതൽ എട്ട് വരെ ശക്തമായ മഴയുടെ പ്രവചനമാണ് ലഭിച്ചത്. ഒമ്പതുമുതൽ 15 വരെ  ശക്തമായ മഴയുടെയും അതിശക്തമായ മഴയുടെയും സാധ്യതകളാണ് പ്രവചിക്കപ്പെട്ടത്. ഒമ്പതുമുതൽ 15 വരെയുള്ള ദീർഘകാല ശരാശരി മഴയായി പ്രവചിച്ചത് 9.85സെ.മീറ്ററാണ്. പക്ഷേ പെയ്തത് 35.22 സെമീ. മഴയാണ്. അതായത് അതിതീവ്രമഴ. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിലുള്ള പാകപ്പിഴകളാണ് ഇതു സൂചിപ്പിക്കുന്നത്്. ിഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ പൊതുജനങ്ങളുടെ അറിവിലേക്കായി നൽകിയിരുന്നു.
ഇടുക്കി അണക്കെട്ടിൽ ഷട്ടർ തുറക്കാവുന്ന ഏറ്റവും കുറഞ്ഞ ഉയരം 2373 അടിയാണ്. ജൂലൈ 17നാണ് ആദ്യമായി ഈ പരിധി എത്തിയത്.  ആഗസ്റ്റ് ഒന്നിനാണ് ഓറഞ്ച്  അലർട്ട് പ്രഖ്യാപിക്കാവുന്ന 2395 അടി എത്തിയത്.
ചെറുതോണി ഡാം തുറന്നത് വേലിയേറ്റ സമയം പരിഗണിക്കാതെയാണെന്ന ആക്ഷേപം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് 11 കർക്കിടക വാവ് ആയിരുന്നു. ഈ ദിവസം കടലിലേക്ക് ജലം വലിയുന്നത് കുറവായിരിക്കുമെന്നതും പ്രളയക്കെടുതിക്ക് ആക്കം കൂട്ടി.
ദുരന്തം സംബന്ധിച്ച് ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗങ്ങൾ നടത്തി നടപടികൾ സ്വീകരിച്ചുവന്നു. പറവൂരിൽ ആദ്യ രണ്ടു ദിവസം രക്ഷാപ്രവർത്തനം നടന്നില്ലെന്ന ആക്ഷേപവും ശരിയല്ല. ആദ്യ ദിനത്തിൽ ഒരു പ്ലാറ്റൂൺ പോലീസും രണ്ടാം ദിനത്തിൽ മറ്റൊരു പ്ലാറ്റൂൺ പോലീസും തുടർന്ന് മത്സ്യത്തൊഴിലാളികളും കേന്ദ്ര സേനയും അഗ്‌നിസുരക്ഷാ വകുപ്പും സ്ഥലത്തെത്തി. 62 ബോട്ടുകൾ അവിടെത്തന്നെ ഉണ്ടായിരുന്നു. നോർത്ത് കുത്തിയതോടിൽ കെട്ടിടം തകർന്ന് ആളുകൾ മരിച്ച സ്ഥലത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. എന്നിട്ടും ജീവൻ പോലും വകവയ്ക്കാതെയാണ് രക്ഷാപ്രവർത്തകർ പ്രവർത്തിച്ചത്.
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. മുല്ലപ്പെരിയാർ കേസ് സംബന്ധിച്ച് സുപ്രീം കോടതിയിൽ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി അനുകൂല വിധിയും ഉണ്ടായി. ആഗസ്റ്റ് 17ലെ കോടതിയുടെ നിരീക്ഷണം സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്ന വിധത്തിലാണ്. വെള്ളം കൂടി വരുമ്പോൾ തുറന്നു വിടണമെന്ന സർക്കാരിന്റെ അഭ്യർത്ഥന തമിഴ്‌നാട് സർക്കാർ ചെവിക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ വാദം നടന്നത്. സുപ്രീം കോടതി ശക്തമായി ഇടപെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടണമെന്നും സർക്കാർ അഭ്യർത്ഥിച്ചിരുന്നു.
ബാണാസുരസാഗറിൽ പ്രളയകാരണമായത് ഡാമിൽ നിന്നുള്ള വെള്ളമല്ല. ജൂലായ് 14 മുതൽ ആഗസ്റ്റ് 5 വരെ ഡാം തുറന്നിരിക്കുകയായിരുന്നു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് അഞ്ചിന് വീണ്ടും ഡാം അടച്ചു. ആറിന് മഴ പെയ്തതിനെ തുടർന്ന് ഏഴിന് വീണ്ടും ഡാം തുറന്നു. മഴ തുടരുകയും ഘട്ടം ഘട്ടമായി ഷട്ടർ ഉയർത്തുകയുമാണ് ചെയ്തത്. ബാണാസുര സാഗറിന്റെ ഫുൾ റിസർവോയർ ലെവലും പരമാവധി ലെവലും 775.6 മീറ്ററാണ്. ഫുൾ റിസർവോയർ ലെവലിനു മുകളിൽ വെള്ളം കയറിയാൽ മുഴുവൻ ജലവും പുഴയിലേക്ക് ഒഴുക്കിക്കളയണം. ഇക്കാരണത്താലാണ് ഷട്ടർ തുറക്കാൻ നിർബന്ധിതമായത്. ഡാമുകളൊന്നും ഇല്ലാതിരുന്ന കൽപ്പറ്റ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ആഗസ്റ്റ് 9 ന് ബാണാസുരസാഗറിൽ നിന്ന് സെക്കൻഡിൽ 2009 ഘനമീറ്റർ വെള്ളമാണ് കബനിയിലേക്ക് ഒഴുക്കി വിട്ടത്. ഈ സമയത്തു തന്നെ പീച്ചനഹള്ളി ഡാമിലേക്ക് ഒഴുകിയെത്തിയത് 19400 ഘനമീറ്റർ ജലമാണ്. മറ്റു നദികളിലെ കണക്കു പരിശോധിച്ചാലും സ്വാഭാവിക നീരൊഴുക്കാണ് ഡാമിൽ നിന്നുള്ള വെള്ളമല്ല വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കാണാം. അണക്കെട്ടുകളില്ലാത്ത അച്ചൻകോവിലാർ, മീനച്ചിലാർ, ചാലിയാർ എന്നീ നദികളും കരകവിഞ്ഞൊഴുകുകയായിരുന്നു. അപ്രതീക്ഷിത മഴയാണ് പ്രളയത്തിന് കാരണമായതെന്ന് കേന്ദ്ര ജലകമ്മീഷനും വിലയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയിൽപെട്ടാണ് 151 പേർ മരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി കേന്ദ്ര സേനകളെ അനുവദിക്കാൻ ആഗസ്റ്റ് 9 ന് രാവിലെ തന്നെ സർക്കാർ ആവശ്യപ്പെട്ടു. 7443 പേരുടെ കേന്ദ്ര സേനാ വിഭാഗം രക്ഷാപ്രവർത്തനത്തിൽ ഇടപെട്ടു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരോടെല്ലാം സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. 74060 പേരെ കേന്ദ്ര സേനാവിഭാഗങ്ങൾ രക്ഷിച്ചു. 361800 കുടുംബങ്ങൾക്ക് 236904 കിറ്റുകൾ ആഗസ്റ്റ് 30 ഉച്ചവരെ വിതരണം ചെയ്തു.
ക്യാമ്പുകളിൽ താമസിക്കാത്തവരുടെയും ദുരിതത്തിനിരയായവരുടെയും കണക്ക് ജില്ലാ കളക്ടർമാർ ശേഖരിച്ചുവരികയാണ്. 48784 കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം നൽകി. 39967 കുടുംബങ്ങൾക്ക് 31ന് വിതരണം ചെയ്യും. ബാക്കിയുള്ളവർക്ക് വരും ദിനങ്ങളിൽ നൽകും.
ദുരിതാശ്വാസ ക്യാമ്പുകൾ പിടിച്ചെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ചെലവഴിക്കുന്നതിന് നേരത്തെ തന്നെ പ്രത്യേക അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
മാലിന്യം കുന്നുകൂടിക്കിടക്കുന്നത് തടയാൻ ഓരോ പഞ്ചായത്തിലും ഒന്നോ അധികമോ യാഡുകൾ വേണമെന്നും ഫ്്‌ളഡ് മാപ്പിംഗിന് നടപടികൾ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലസേചന വകുപ്പും വൈദ്യുതി ബോർഡും കാര്യക്ഷമമായാണ് പ്രവർത്തിച്ചത്.
കേന്ദ്ര സർക്കാരിൽ നിന്ന് സ്‌പെഷ്യൽ പാക്കേജ് ആവശ്യപ്പെടും. കേന്ദ്രത്തിൽ നിന്ന് നല്ല സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ആ വിധത്തിലാണ് പ്രതികരിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •