തിരുവനന്തപുരം: ആഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്ത് ചരക്കു സേവന നികുതിക്ക് ഒപ്പം ഒരു ശതമാനം പ്രളയ സെസ് കൂടി ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പ്രളയ സെസ് ഈടാക്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ തങ്ങളുടെ ബില്ലിംഗ് സോഫ്ട്വെയറില്‍ വരുത്തുവാന്‍ വ്യാപാരികളോട് സംസ്ഥാന ജിഎസ്ടി വകുപ്പ് നിര്‍ദ്ദേശിച്ചു. അതതു മാസത്തെ സെസ് സംബന്ധിച്ച വിവരങ്ങള്‍ ഫോം നമ്പര്‍ KFC -A Kerala Flood Cess Rules 2019 ല്‍ www.keralataxes.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായാണ് സംസ്ഥാനത്തിനകത്തുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തില്‍ ഒരു ശതമാനം സെസ് ചുമത്തുന്നത്. സ്വര്‍ണം ഒഴികെ അഞ്ച് ശതമാനമോ അതില്‍ താഴയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമല്ല. കോമ്പോസിഷന്‍ രീതി തിരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജി എസ് ടി നിയമത്തിലെ അഞ്ചാമത്തെ പട്ടികയില്‍ വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, ഇവ കൊണ്ടുള്ള ആഭരണം എന്നിവയ്ക്ക് 0.25 ശതമാനവും, മറ്റുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ മൂല്യത്തില്‍ ഒരു ശതമാനവുമാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജി എസ് ടി നികുതി ചേര്‍ക്കാത്ത മൂല്യത്തിലാണ് പ്രളയ സെസ് ഈടാക്കേണ്ടത്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തില്‍ മാത്രമാണ് സെസ് ഈടാക്കുന്നത്. ഉപഭോക്താക്കള്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ക്കും ബിസിനസ് ഇതര ആവശ്യങ്ങള്‍ക്ക് വാങ്ങുന്നവര്‍ക്കും അവര്‍ക്ക് നല്‍കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണമൂല്യത്തിന് മാത്രമായി സെസ് നിജപ്പെടുത്തിയിട്ടുണ്ട്.




