പൊന്നാനി: പൊന്നാനിയില്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ഫ്‌ലാറ്റ് സമുച്ചയത്തിന്റെ സമര്‍പ്പണം ഈ വര്‍ഷം ഓഗസ്റ്റിലുണ്ടാകുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇത് സംബന്ധിച്ച പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഫ്‌ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണപുരോഗതി വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു മന്ത്രി.
128 കുടുംബങ്ങള്‍ ഗുണഭോക്താക്കളാകുന്ന
പദ്ധതിയുടെ ടൈല്‍ പതിക്കല്‍, വൈദ്യുതി- ജലവിതരണം എന്നീ പ്രവര്‍ത്തികള്‍ കൂടിയാണ് പൂര്‍ത്തികരിക്കാനുള്ളത്. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 25 നകം ഫ്‌ലാറ്റുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
പുനര്‍ഗേഹം പദ്ധതിയില്‍ സ്ഥലം വാങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷനുള്ള തുക ആവശ്യമെങ്കില്‍ മുന്‍കൂറായി നല്‍കും. ഇതിനായി രജിസ്‌ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 100 കുടുംബങ്ങള്‍ക്കുള്ള ഫ്‌ലാറ്റ് സമുച്ചയം കൂടി നിര്‍ദ്ദിഷ്ട പദ്ധതി സ്ഥലത്ത് നിര്‍മിക്കും. ശേഷിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ലാറ്റ് നിര്‍മിക്കുന്നതിനായി ജില്ലാ കളക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരസഭ ചെയര്‍മാന്‍, പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇവരുടെ സാന്നിധ്യത്തില്‍ സ്ഥലം ഏറ്റെടുക്കും. മത്സ്യത്തൊഴിലാളികളുടെ താത്പര്യം കൂടി പരിഗണിച്ചാവും സ്ഥലം തെരഞ്ഞെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
പി.നന്ദകുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, തഹസില്‍ദാര്‍ എന്‍.എം വിജയന്‍, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍, ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം പങ്കെടുത്തു




