Section

malabari-logo-mobile

മത്സ്യത്തൊഴിലാളികള്‍ക്ക് അപകടസാദ്ധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ ഐ.എസ്.ആര്‍.ഒയുമായി ധാരണയായി

HIGHLIGHTS : തിരുവനന്തപുരം:സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതതാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു സംവിധാനം ഒരുക്കുന്നതിന് ഐ.എസ...

തിരുവനന്തപുരം:സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതതാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു സംവിധാനം ഒരുക്കുന്നതിന് ഐ.എസ്.ആര്‍.ഒയുമായി ധാരണയായി മത്സ്യബന്ധന -ഹാര്‍ബര്‍ എന്‍ജനീയറിംഗ് -കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.  അപകടസമയങ്ങളില്‍ കരയില്‍ നിന്ന് കടലിലേക്ക് പോകാതിരിക്കാനും അപകടസാദ്ധ്യതകളുടെ അറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോയാലും തിരിച്ചെത്താന്‍ സഹായകമായ സാങ്കേതിക വിദ്യ ലഭ്യമാക്കാനാണ് ഐ.എസ്.ആര്‍.ഒയുമായി ധാരണയായിട്ടുളളതെന്ന് മന്ത്രി അറിയിച്ചു.
ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും.  ഐ.എസ്.ആര്‍.ഒ ഉപഗ്രഹത്തില്‍ നിന്നും ഇന്‍കോയിസും, കേന്ദ്ര കാലാവസ്ഥ വകുപ്പും വഴിയുളള വിവരങ്ങള്‍ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.

മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമായ വിവരങ്ങള്‍ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലുളള ആറ് മേഖലാ കണ്‍ട്രോള്‍ റൂമുകള്‍ക്കും ലഭ്യമാക്കും.  ഇവിടെ നിന്ന് മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശം മലയാളത്തില്‍ എത്തും.
കടലില്‍  1500 കിലോമീറ്ററോളം ദൂരെയുളള മത്സ്യത്തൊഴിലാളികള്‍ക്കും സന്ദേശം കിട്ടത്തക്കരീതിയിലാണ് ഉപഗ്രഹ സഹായത്തോടെ ഇത്തരത്തിലുളള സംവിധാനം ഏര്‍പ്പെടുത്തുന്നത്.  നിലവില്‍ കരയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മാത്രമേ മൊബൈല്‍ ഫോണ്‍ സൗകര്യം ലഭ്യമാകൂ.  മത്സ്യ ലഭ്യതാ പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും, മത്സ്യത്തിന്റെ അതതു ദിവസങ്ങളിലെ വില അറിയുന്നതിനുമുളള സംവിധാനവും ഇതോടൊപ്പംസജ്ജീകരിക്കും.

sameeksha-malabarinews

ബോട്ടുകളിലും വളളങ്ങളിലും സ്ഥാപിക്കുന്ന നാവിക് ഉപകരണം ഐ.എസ്.ആര്‍.ഒ ഇതിനായി പ്രത്യേകം വികസിപ്പിച്ചെടുക്കും.  ഇതിന്റെ ആദ്യപടിയായി 250 നാവിക് ഉപകരണങ്ങള്‍ ഐ.എസ്.ആര്‍.ഒ 2018 ജനുവരി 10നും ബാക്കിയുളള 250 എണ്ണം ജനുവരി 31നും ലഭ്യമാക്കും.  സൗജന്യമായാണ് ഐ.എസ്.ആര്‍.ഒ ഇത്തരം സംവിധാനം സംസ്ഥാന സര്‍ക്കാരിനായി നല്‍കുന്നത്.  ബാക്കിയുളള ബോട്ടുകളിലും വളളങ്ങളിലും നാവിക് ഉപകരണം നല്‍കുന്നതിനുളള സംവിധാനം സമയബന്ധിതമായി നടപ്പാക്കും.
ഇത് സംബന്ധിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ഐ.എസ്.ആര്‍.ഒ ശാസ്ത്ര സെക്രട്ടറി ഡോ. പി.ജി. ദിവാകരന്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര  ഉപദേഷ്ടാവ് ഡോ. എം.സി.ദത്തന്‍, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്, ഹൈദരാബാദിലെ ഇന്‍കോയിസ് ശാസ്ത്രജ്ഞന്‍ ബാലകൃഷ്ണന്‍ നായര്‍,  കെ.എസ്.ആര്‍.ഇ.സി ഡയറക്ടര്‍ ഡോ. രഘുനാഥമേനോന്‍, എന്‍.ഐ.സി ഡയറക്ടര്‍ ടി. മോഹന്‍ദാസ്, ദുരന്ത നിവാരണ അതോറിറ്റി എക്‌സ് ഒഫിഷ്യോ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!