മത്സ്യത്തൊഴിലാളി പുനരധിവസം: ‘പുനര്‍ഗേഹം’ പദ്ധതിക്ക് 2,450 കോടി രൂപയുടെ ഭരണാനുമതി;മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ

തീരദേശത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 18,685 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ‘പുനര്‍ഗേഹം’ പദ്ധതിക്ക് 2,450 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
തീരദേശത്തുള്ള എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സുരക്ഷിതഭവനം നിര്‍മ്മിക്കാനാണ് ‘പുനര്‍ഗേഹം’ പദ്ധതി. ഒന്‍പത് തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഫിഷറീസ് വകുപ്പ് നടത്തിയ പ്രത്യേക സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് മാറ്റി പാര്‍പ്പിക്കാനുള്ള 18,685 കുടുംബങ്ങളെ കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിക്ക് ആവശ്യമുള്ള 2,450 കോടി രൂപയില്‍ 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ബാക്കി 1,052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്ന് കണ്ടെത്തും.
പദ്ധതി നടത്തിപ്പിന് 421 ഏക്കര്‍ ഭൂമിയാണ് ആവശ്യമുള്ളത്. ഓരോ ജില്ലയിലും ആവശ്യമായ ഭൂമി എത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 8,487 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 998 കോടി രൂപയും, രണ്ടാംഘട്ടത്തില്‍ 5,099 കുടുംബങ്ങള്‍ക്കായി 797 കോടി രൂപയും, മൂന്നാംഘട്ടത്തില്‍ 5,099 കുടുംബങ്ങള്‍ക്കായി 655 കോടി രൂപയും ചെലവഴിക്കുന്നതിന് ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത് എന്ന് മന്ത്രി വ്യക്തമാക്കി.
10 ലക്ഷം രൂപയാണ് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് ലഭിക്കുന്നത്. ഇതില്‍ ആറ് ലക്ഷം രൂപ വസ്തു വാങ്ങുന്നതിനും നാല് ലക്ഷം രൂപ ഭവന നിര്‍മ്മാണത്തിനുമായി നിജപ്പെടുത്തിയിട്ടുള്ളത്. വസ്തു വാങ്ങുന്നതിന് ആറ് ലക്ഷം രൂപ ചെലവഴിക്കാത്തവര്‍ക്ക് ആ തുക കൂടി ഭവന നിര്‍മ്മാണത്തിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഫിഷറീസ് വകുപ്പില്‍ പ്രത്യേക ടീമിന് രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top