താനൂർ: നഗരസഭാ പരിധിയിൽ ആയിരത്തിലേറെ ഭൂരഹിത- ഭവനരഹിതർക്കായി വാസസ്ഥലം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. താനൂർ മണ്ഡലം തീരസദസ്സിന്റെ ഭാഗമായി ഫിഷറീസ് ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ജനപ്രതിനിധികളുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് മികച്ച ഉദാഹരണമാണ് തീരദേശത്തിൽ നിന്നും പ്രൊഫഷനലുകൾ ഉണ്ടാകുന്നത്. രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠന ചെലവ് സർക്കാർ ഏറ്റെടുക്കും. അപകട രഹിതമായ മത്സ്യബന്ധനമാണ് സർക്കാർ ലക്ഷ്യം. അതിനായി ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് എടുത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.
രണ്ട് സെഷനുകളായാണ് പരിപാടി നടന്നത്. ആദ്യ സെഷനിൽ മന്ത്രി താനൂർ മണ്ഡലത്തിലെ ജനപ്രതിനിധികളുമായി പ്രാദേശികമായുള്ള പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും നടപ്പാക്കേണ്ട അടിയന്തിര വികസന പദ്ധതികളും ചർച്ച ചെയ്തു. രണ്ടാമത്തെ സെഷനിൽ ‘തീരസദസ്സ്’ എന്ന പേരിൽ തയ്യാറാക്കിയ പ്രത്യേക പോർട്ടൽ വഴി ലഭിച്ച പരാതികൾ പരിഹരിച്ചു. ഫിഷറീസ് വകുപ്പ്, മൽസ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവ വഴി വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള, ഡപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, എ.ഡി.എം. എൻഎം. മെഹറലി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തീരസദസ്സ്: താനൂർ മണ്ഡലത്തിൽ ലഭിച്ചത് 785 പരാതികൾ
താനൂർ നിയോജക മണ്ഡലത്തിൽ നടത്തിയ തീരസദസ്സിൽ മത്സ്യത്തൊഴിലാളികളിൽ നിന്നും വിവിധ വിഷയങ്ങളിലായി ആകെ 785 പരാതികൾ ലഭിച്ചു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 178 പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 94 പരാതികളും തീർപ്പാക്കി. മത്സ്യഫെഡുമായി ബന്ധപ്പെട്ട പത്ത് പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ഏഴ് പരാതികളും തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ലൈഫ് ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് തുടങ്ങിയ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പ് മുഖേന താലൂക്ക് അദാലത്തിലേക്ക് സമർപ്പിച്ച് തീരുമാനത്തിനായി നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളിൽ നിന്നും നൂറിലധികം പുതിയ പരാതികളും സ്വീകരിച്ചു.
താനൂർ നിയോജക മണ്ഡലത്തിൽ സ്വന്തമായി ഭൂമിയില്ലാതെ വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന ആയിരത്തിലലധികം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് താനൂർ മുനിസിപ്പാലിറ്റി, നിറമരുതൂർ ഗ്രാമപഞ്ചായത്ത് പരിധികളിൽ വരുന്ന സർക്കാർ ഭൂമി, പുറമ്പോക്ക് ഭൂമി എന്നിവ കണ്ടെത്തി അടിയന്തരമായി വ്യക്തിഗത വീടുകൾ, ഭവന സമുച്ചയങ്ങൾ എന്നിവ നിർമ്മിച്ച് നൽകുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി സബ് കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ച് ചേർക്കുന്നതിന് മന്ത്രി നിർദേശം നൽകി.
ചടങ്ങിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹ ധനസഹായമായി 276 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതവും മത്സ്യബന്ധനത്തിനിടെ അപകട മരണം സംഭവിച്ച 12 മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് 1,80,000 രൂപയും സാഫ് പദ്ധതി പ്രകാരം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി അഞ്ച് മത്സ്യത്തൊഴിലാളി വനിതകൾക്ക് 4,63,638 രൂപയും വിതരണം ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



