Section

malabari-logo-mobile

അഞ്ച് ജില്ലകളില്‍ മത്സ്യ മാര്‍ക്കറ്റിംഗ് ഔട്ട്ലറ്റുകള്‍; ആഭ്യന്തര മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ്

HIGHLIGHTS : Fish marketing outlets in five districts; Department of Fisheries to increase domestic fish stocks

ഉള്‍നാടന്‍ മത്സ്യ ഉത്പാദനം വ്യാപിപ്പിക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അത്യാധുനിക മാര്‍ക്കറ്റിംഗ് ഔട്ട്ലറ്റുകള്‍ സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് ആലോചന. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന 30 മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റുകളാണ് ഉദ്ദേശിക്കുന്നത്. ഉള്‍നാടന്‍ മത്സ്യങ്ങളെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച് സര്‍ക്കാര്‍ സ്ഥാപനമായ ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ (അഡാക്ക്) വഴി ഇത്തരം കേന്ദ്രങ്ങളിലൂടെ വില്‍പന നടത്തും.

ഉള്‍നാടന്‍ മേഖലയില്‍ മത്സ്യകൃഷിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഒരു കേന്ദ്രീകൃത വിപണന സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡാക്കുമായി സഹകരിച്ച് മാര്‍ക്കറ്റിംഗ് ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കുന്നത്. കര്‍ഷകരില്‍ നിന്ന് നിശ്ചിത തുക നല്‍കി വാങ്ങുന്ന മത്സ്യങ്ങള്‍ക്കൊപ്പം അഡാക്കിന്റെ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളും മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റുകളില്‍ വില്‍ക്കും. ലൈവ് ഫിഷ് മാര്‍ക്കറ്റിംഗ് യൂണിറ്റ്, ഫ്രഷ് ഫിഷ് സെയില്‍ തുടങ്ങിയവ മാര്‍ക്കറ്റിംഗ് ഔട്ട്ലറ്റുകളുടെ ഭാഗമായുണ്ടാകും. ജില്ലാ തലത്തില്‍ വിവരങ്ങള്‍ ശേഖരിച്ചാണ് അഡാക്ക് മത്സ്യകര്‍ഷകരെ കണ്ടെത്തുന്നത്. 10 ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളുള്ള സംസ്ഥാനത്തിന്റെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനും അന്യസംസ്ഥാനങ്ങളില്‍ നിന്ന് പഴകിയ മത്സ്യങ്ങള്‍ വിപണിയിലെത്തുന്നത് തടയാനും ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്.

sameeksha-malabarinews

മാര്‍ക്കറ്റിംഗ് ഔട്ട്ലറ്റുകളെ കൂടാതെ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്ളോക്ക് മത്സ്യകൃഷി, റിസര്‍വോയറുകളിലെ കൂടു മത്സ്യകൃഷി പദ്ധതികളും ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 കോടി രൂപ ബാണാസുരസാഗര്‍, കാരാപ്പുഴ, പെരുവണ്ണാമൂഴി, കക്കി റിസര്‍വോയറുകളില്‍ മത്സ്യകൃഷിക്കായി ചെലവഴിക്കുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യകൃഷി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 66.62 കോടിയും പിന്നാമ്പുറ വിത്തുല്‍പ്പാദന യൂണിറ്റുകള്‍ക്കായി അഞ്ച് കോടി രൂപയും വകയിരുത്തി.

ശുദ്ധജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി, പൊതുകുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും കൃഷി, ഓരു ജല മത്സ്യകൃഷി, ശാസ്ത്രീയ ചെമ്മീന്‍ കൃഷി, ഞണ്ടുകൃഷി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, കല്ലുമ്മേക്കായ കൃഷി, പിന്നാമ്പുറങ്ങളിലെ കരിമീന്‍, വരാല്‍ വിത്തുല്‍പ്പാദനം എന്നിങ്ങനെ വിപുലമായ പദ്ധതികളാണ് വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

സ്വകാര്യ സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും മത്സ്യകൃഷി ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ സഹായം ലഭിക്കും. കൃഷി രീതിക്ക് അനുസൃതമായി യൂണിറ്റ് ചെലവിന്റെ 40ശതമാനം ധനസഹായം അനുവദിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ സ്ഥാപിച്ച യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തന ചെലവിന്റെ 20 ശതമാനവും ധനസഹായമായി നല്‍കുന്നു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഫാമുകളിലും ഹാച്ചറികളിലും മത്സ്യവിത്തുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. കൂടാതെ അഡാക്ക് വഴിയും വിത്തുകള്‍ വിതരണം ചെയ്യുന്നു. ഇവിടെ നിന്ന് മിതമായ നിരക്കില്‍ മത്സ്യതീറ്റയും കര്‍ഷകര്‍ക്ക് ലഭിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!