Section

malabari-logo-mobile

മൂന്നാറിലേക്കുള്ള ആദ്യ സര്‍വീസിന് മലപ്പുറത്ത് തുടക്കമായി;ആദ്യയാത്രയില്‍ 48 പേര്‍

HIGHLIGHTS : മൂന്നാറിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വാദിക്കാനായി 48 യാത്രക്കാരുമായി മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്ക് തുടക്...

മൂന്നാറിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വാദിക്കാനായി 48
യാത്രക്കാരുമായി മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്ക് തുടക്കമായി. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ആരംഭിച്ച ബസ് സര്‍വീസ് പി. ഉബൈദുള്ള എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. യാത്രയെ ഒരുപാട് സ്‌നേഹിക്കുന്ന മലപ്പുറം ജില്ലയിലുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയ മൂന്നാര്‍ യാത്രയെ അംഗീകരിച്ചു എന്നതിനുള്ള തെളിവാണ് ബസ് സര്‍വീസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള രജിസ്‌ട്രേഷനെന്ന് എം.എല്‍.എ പറഞ്ഞു. ഇതുവരെ 547 പേരാണ് മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് പോകാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിലാണ് ആളുകള്‍ കുറഞ്ഞതെന്നും ഈ സാഹചര്യമല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ യാത്രക്ക് തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന്‍ കൂടുന്നതിനാല്‍ ദിവസവും സര്‍വീസ് നടത്താനാണ് തീരുമാനം. മലപ്പുറം മൂന്നാര്‍ സര്‍വീസ് വിജയകരമായാല്‍ ഇവിടെ നിന്നും ഗവിയിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് കെ.എസ്.ആര്‍. ടി. സി അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

 

48 യാത്രക്കാരുമായാണ് കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസ് മലപ്പുറം ഡിപ്പോയില്‍ നിന്ന് ഇന്നലെ (ഒക്‌ടോബര്‍ 16) ഉച്ചയ്ക്ക് 1.45ന് യാത്ര ആരംഭിച്ചത്. രാത്രിയോട് കൂടി മൂന്നാറില്‍ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരണങ്ങള്‍.  മൂന്നാറില്‍ സ്ലീപ്പര്‍ ബസിലാണ് യാത്രക്കാര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ സൈറ്റ് സീയിങിനു കെ.എസ്.ആര്‍. ടി.സി സൗകര്യം തന്നെയാണ്. യാത്രക്കാര്‍ക്ക് ഭക്ഷണം, പാര്‍ക്കുകളിലേക്കുള്ള പ്രവേശന ചെലവ് എന്നിവ മാത്രം വേണ്ടിവരും. തിരിച്ചുള്ള യാത്രയും ഇതേ ബസില്‍ തന്നെ ആയിരിക്കും. ആദ്യയാത്രയില്‍ കൂടുതലും ഫാമിലിയാണ്. ഇന്ന് (ഒക്ടോബര്‍ 17) 80 ആളുകളുമായി രണ്ട് സര്‍വീസാണ് യാത്രക്ക് ഒരുങ്ങുന്നത്. ഒരു സൂപ്പര്‍ ഡീലക്സും, എ.സി ബസുമാണ് യാത്രക്ക് ഒരുക്കിയിട്ടുള്ളത്. അടുത്ത ദിവസം 48 പേരുള്ള സര്‍വീസാണ് ഉണ്ടാവുക.

sameeksha-malabarinews

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍, കെ.എസ്.ആര്‍.ടി.സി സോണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി.സെബി,  ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. വിശദവിവരങ്ങള്‍ക്ക്: 0483-2734950, mpm@kerala.gov.in (കെ.എസ്.ആര്‍.ടി.സി മലപ്പുറം), 0486 5230201, mnr@kerala.gov.in, കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂം; 0471 2463799, 9447071021.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!