HIGHLIGHTS : Fire on ship: Coast with caution

കൊച്ചി: സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 ല്‍ ഉണ്ടായ തീപിടിത്തം ഇനിയും നിയന്ത്രണവിധേയമായില്ല.നിലവില്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

നാല് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ തുടര്‍ച്ചയായി ഫയര്‍ ഫൈറ്റ് നടത്തുന്നുണ്ടെങ്കിലും കപ്പലിലെ തീ നിയന്ത്രിക്കാന്‍ ആയിട്ടില്ല. മധ്യഭാഗത്താണ് പൊട്ടിത്തെറിയും പുകയും രൂക്ഷം. 10 മുതല്‍ 15 ഡിഗ്രിയില്‍ കപ്പല്‍ ചരിഞ്ഞതിനാല്‍ കൂടുതല്‍ കണ്ടെയ്‌നറുകളും കടലില്‍ പതിച്ചിട്ടുണ്ട്.
വടകര തീരദേശത്ത് ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കോസ്റ്റല്‍ പൊലീസ് തീരദേശ മേഖലകളില്‍ റെസ്‌ക്യൂ ബോട്ടില്‍ പരിശോധന നടത്തി. വടകര മുതല്‍ അഴിയൂര്‍ വരെയുള്ള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍, തീരദേശ വാസികള്‍, ജാഗ്രതാസമിതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാഗ്രതാനിര്‍ദേശം. കടലിലോ കരയിലോ സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ കോസ്റ്റല്‍ പൊലീസിനെ വിവരമറിയിക്കണം. കണ്ടെത്തുന്ന സാധനങ്ങളില്‍ സ്പര്‍ശിക്കരുത്. ചോമ്പാല മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ച് തീരദേശ പൊലീസിന്റെ റെസ്‌ക്യു ബോട്ടും ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള റെസ്‌ക്യൂ ബോട്ടും കടലില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ട്രോളിങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മാത്രമാണ് കടലില്‍ മത്സ്യബന്ധനം നടത്തുന്നത്. ബോട്ടുകള്‍ കടലിലിറങ്ങാത്തതിനാല്‍ ആഴക്കടലിലെ വിവരങ്ങള്‍ ലഭിക്കുന്നതിന് നിലവില്‍ തടസ്സമുണ്ട്.
അപകടമുണ്ടായ സ്ഥലത്ത് നിന്നും തെക്ക് – തെക്ക് കിഴക്കന്‍ ദിശയില്‍ കണ്ടെയ്‌നറുകള്‍ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ വിലയിരുത്തല്‍. വളരെ പതിയെ കണ്ടെയ്‌നറുകള്‍ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്‌നറുകള്‍ കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ നിലവില്‍ കാറ്റിന്റെ ഗതിയും വേഗവും, കണക്കിലെടുത്ത് തെക്കന്‍ തീരത്തേക്കും കണ്ടെയ്‌നുകള്‍ എത്തിയേക്കാമെന്നാണ് വിലയിരുത്തല്‍.
തെക്ക് പടിഞ്ഞാറന്‍ കാറ്റ് ഈ ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും, ഇതും കണ്ടെയ്‌നര്‍ ഗതിയെ ബാധിക്കും. കപ്പലിലെ എണ്ണ ചോര്‍ച്ചയില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന് സമാന്തരമായി സഞ്ചരിക്കാന്‍ സാധ്യതയെന്നാണ് കണക്കൂട്ടല്‍. തീപിടിക്കുന്ന, വിഷമയമായ വസ്തുക്കള്‍ കണ്ടെയ്‌നറുകളിള്ളതിനാല്‍, ഇത്തവണ കൂടുതല്‍ ജാഗ്രത വേണം.
കപ്പലില്‍ നിന്നുള്ള എണ്ണ കടലില്‍ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും. പ്രതിരോധ നടപടിയുടെ ഭാഗമായാണ് രക്ഷാപ്രവര്‍ത്തനത്തിന് സ്മിറ്റ് സാല്‍വയ്ക്ക് എന്ന് ഡച്ച് കമ്പനിയെ എത്തിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് കപ്പല്‍ കമ്പനി പുതിയ സജ്ജീകരണം ഒരുക്കിയത്.കപ്പലില്‍ നിന്ന് ഇതുവരെ എണ്ണ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിലവില്‍ നാലുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാണെന്ന് ഡിഫന്‍സ് പി.ആര്‍.ഒ. അതുല്‍ പിള്ള പറഞ്ഞു. കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ നാവികരില്‍ ആറു പേരാണ് ആശുപത്രിയില്‍ ഉള്ളത്.ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ചൈനീസ് പൗരന് 40% വും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു