തെന്നലയിലെ പുറമ്പോക്ക് ഭൂമി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടാക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് ഒടുവില്‍ തീരുമാനം

തിരൂരങ്ങാടി: തെന്നലയിലെ റവന്യു ഭൂമി ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ആക്കിയെടുക്കാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ശ്രമത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞ സംഭവത്തില്‍ ഗ്രൗണ്ട് സംബന്ധിച്ച തര്‍ക്കത്തിന് തീരുമാനമായി. ഇന്നലെ തിരൂരങ്ങാടി എം എല്‍ എ കെ പി എ മജീദിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ആര്‍ ടി ഒ സി വി എം ഷെരീഫിന്റെ ചേമ്പറില്‍ വെച്ചുനടത്തിയ ചര്‍ച്ചയിലാണ് ഡ്രൈവിങ് ടെസ്റ്റ് രാവിലെ 8.30ന് നിശ്ചയിച്ചു കൊണ്ട് തീരുമാനമായത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവനും യോഗത്തില്‍ പങ്കെടുത്തു.

ഡ്രൈവിങ് ടെസ്റ്റിന് മാത്രം ഈ സ്ഥലം ഉപയോഗിക്കാം. ഡ്രൈവിങ് സ്‌കൂളുകളുടെ പരിശീലനത്തിന് യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. ഇക്കാര്യം സൂചിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും വേണം. ഇതേ നിര്‍ദ്ദേശം പഞ്ചായത്തിനും നല്‍കിയിട്ടുണ്ട്. അതേസമയം പി ഡബ്ല്യു ഡിയുടെ കൈവശമുള്ള കോഴിച്ചെന കണ്ടന്‍ചിറ പറമ്പില്‍ കെ എന്‍ ആര്‍ സി പ്ലാന്റിന് സമീപം ഉപയോഗിക്കാതെ കിടക്കുന്ന 50 സെന്റ് ഭൂമി സ്ഥിരമായി ഡ്രൈവിങ് ടെസ്റ്റിന് ലഭ്യമാക്കുന്നതിന് ശ്രമം നടത്തും.

ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാന്‍ അനുമതിക്കായി ജില്ലാ കലക്ടറെ സമീപിക്കാന്‍ ആര്‍ ടി ഒയെ ചുമതലപ്പെടുത്തി. ഇത് എത്രയും വേഗം സാധ്യമാക്കാന്‍ യോഗം ആവശ്യപ്പെട്ടു.
അതുവരെ കറുത്താലി ലായിരിക്കും ഡ്രൈവിങ് ടെസ്റ്റ്. ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ അപകട സാധ്യതയോ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പുവരൂത്തണം. എന്തെങ്കിലും കാരണവശാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ പഞ്ചായത്ത് അധികൃതരോ ക്ലബ്ബ് അധികൃതരോ ജോയിന്റ് ആര്‍ ടി ഒ യെ അറിയിച്ച് പ്രശ്‌നപരിഹാരം കൂട്ടായി ഉണ്ടാക്കേണ്ടതാണെന്നും യോഗം തീരുമാനിച്ചു. യോഗ തീരുമാനത്തിന്റെ ഫലമായി തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കും.

യോഗത്തില്‍ കെപിഎ മജീദ് എംഎല്‍എ കൂടാതെ
തെന്നല പഞ്ചായത്ത് പ്രസിഡണ്ട് സെലീന കരിമ്പില്‍, ടി കെ നാസര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി അഫ്‌സല്‍, കെ വി സൈതലവി, ബ്ലോക്ക് യൂത്ത് കോഡിനേറ്റര്‍ ആയിഷ പിലാക്കടവത്ത്, അബ്ദുസ്സലാം, മച്ചിങ്ങല്‍ അബ്ദുറഹ്‌മാന്‍, തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ സി പി സക്കരിയ, എം വി ഐ സി കെ സുല്‍ഫിക്കര്‍, ശരീഫ് വടക്കേയില്‍ ,പി കെ സല്‍മാന്‍, ഹബീബ് റഹ്‌മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top