പ്രമേഹമുള്ളവര്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ കാണരുത്, ചത്തുപോകും!!!

സിനിമാ റിവ്യു
എഴുത്ത്:  ലിജീഷ് കുമാര്‍

സ്‌കൂള്‍ മുറ്റത്ത് നിന്ന് സര്‍ക്കാര്‍ വണ്ടിയിലേക്ക് കയറുമ്പോള്‍ രവി പത്മനാഭന്‍ ഒന്ന് തിരിഞ്ഞ് നോക്കി. എന്താവും അയാള്‍ മനസില്‍ പറഞ്ഞിട്ടുണ്ടാവുക ! എനിക്കറിയാവുന്ന ഒരു രവി മാഷുണ്ട്. ‘സായാഹ്ന യാത്രകളുടെ അച്ഛാ, വിട തരിക.’ എന്ന് വിളിച്ച് പറഞ്ഞ് ഖസാക്കിലെ സ്‌കൂള്‍ മുറ്റത്ത് നിന്ന് അയാള്‍ മടങ്ങുന്നത് ഞാങ്കണ്ടു. എനിക്ക് ചിരി വന്നു. ചിലര്‍ക്കയാള്‍ നായകനാണ്, ചിലര്‍ക്ക് വില്ലനും. രവി മാഷ് പറഞ്ഞു, ‘മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ ഈ പുനര്‍ജ്ജനിയുടെ കൂട് വിട്ട്
ഞാന്‍ വീണ്ടും യാത്രയാണ്.’ (ഖസാക്കിന്റെ ഇതിഹാസം)

മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ പുനര്‍ജ്ജനിയുടെ കൂട് അങ്ങനെ ഒരുസ്‌കൂള്‍ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ കാണണം. നിറയെ പൂക്കളും പൂവല്ലികളുമുള്ള കാടുപോലെ ഒരുസ്‌കൂള്‍, ചുറ്റും കാട്ടുമരങ്ങള്‍. സസ്യശാസ്ത്രം പഠിച്ചവര്‍ക്കറിയാം, ഈ മരങ്ങളുണ്ടല്ലോ, അതിനൊന്നും ആണും പെണ്ണുമില്ല. പക്ഷേ, ആണ്‍ മരവും പെണ്‍ മരവും വെവ്വേറെ കാണുന്ന ഒരു മരമുണ്ട്. ആ മരമാണ് ജാതി മരം. ജാതിക്കാ തോട്ടങ്ങളില്‍ ചെന്നാല്‍ ആണ്‍ മരങ്ങള്‍ പെണ്‍ മരങ്ങളെ പ്രണയിക്കുന്നത് കാണാം, പരാഗണം കാണാം. രവി മാഷിന്റെ ഏദനില്‍ നിന്ന് പുറത്താക്കപ്പെട്ട ആദം, ഹവ്വയെയും കൂട്ടി ജാതി മരങ്ങളുടെ പ്രണയം കാണാന്‍ പോവുന്നതാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ കഥ.

ഈ തണ്ണീര്‍ മത്തനുണ്ടല്ലോ, വേനലില്‍ വിളയുന്ന പഴമാണത്. ജയ്‌സണ്‍ തണ്ണീര്‍ മത്തനാണ്. കീര്‍ത്തിയുടെ ഒറ്റയുമ്മ കൊണ്ട് അവന്റെ പുറന്തോട് പൊട്ടി, ഉള്ളിലെ മധുരച്ചോപ്പ് തെറിച്ച് കണ്ണിലും കവിളിലും ചുണ്ടിലുമെല്ലാം വന്ന് വീണു. നാക്ക് ആവാവുന്നത്രയും വട്ടം കറക്കി, നക്കി നക്കി ഞാന്‍ തീയേറ്ററില്‍ നിന്നിറങ്ങി. എന്ത് മധുരമാണ് ഈ കുട്ടികള്‍ക്ക്.

മധുരത്തെപ്പറ്റി പറഞ്ഞപ്പഴാണ്, ഈ പഞ്ചസാര ഒരു നിശ്ചിതസമയത്തിനുള്ളില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തോതിനെ ഗ്ലൈസീമിക് ഇന്‍ഡക്സ് എന്നാണ് പറയുക. ഗ്ലൈസീമിക് ഇന്‍ഡക്സ് കൂടിയാല്‍ പ്രമേഹം കൂടും. പ്രമേഹമുള്ളവര്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ കാണരുത്. ഗ്ലൈസീമിക് ഇന്‍ഡക്സ് കൂടി ചത്തുപോകും.

വിനീത് ശ്രീനിവാസനൊപ്പം കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധ നേടിയ മാത്യു തോമസും, ഉദാഹരണം സുജാതയിലെ അനശ്വരയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Related Articles