HIGHLIGHTS : Federal Bank Kochi Marathon Training Run becomes a highlight with the participation of runners' clubs
കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്‌പോര്‍ട്‌സിന്റ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റണ്‍ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബുമായി സഹകരിച്ചാണ് ട്രയിനിങ് റണ്‍ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റര്‍ റണ്‍ ഓറഞ്ച് റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് രാജന്‍ കെ.എസ്, വൈസ് പ്രസിഡന്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുണ്‍ കൃഷ്ണന്‍, ക്ലിയോ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ അനീഷ് പോള്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ വിവിധ റണ്ണേഴ്‌സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ട്രയിനിങ് റണ്ണില്‍ മുന്നൂറിലധികം പേര്‍ പങ്കെടുത്തു. കൊച്ചിയിലെ ക്ലബുകള്‍ക്ക് പുറമെ കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളില്‍ നിന്നുള്ള ക്ലബുകളും ട്രെയിനിങ് റണ്ണിന്റെ ഭാഗമായി. അസന്റ് റണ്ണേഴ്‌സ്, ബി.ആര്‍. കെ സൈക്ലിങ് ക്ലബ്, ചെറായ് റണ്ണേഴ്സ്, ചോറ്റാനിക്കര റണ്ണേഴ്‌സ്, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, ഫോര്‍ട്ട് കൊച്ചി, പെരിയാര്‍, പനമ്പള്ളി നഗര്‍ റണ്ണേഴ്സ്, ക്യൂ.ആര്‍, കാലിക്കറ്റ് റോയല്‍ റണ്ണേഴ്‌സ്, തൃപ്പൂണിത്തറ റോയല്‍ റണ്ണേഴ്‌സ്, സോള്‍സ് ഓഫ് കൊച്ചിന്‍, സോള്‍സ് ഓഫ് കൊല്ലം, സ്റ്റേഡിയം റണ്ണേഴ്‌സ്, വൈപ്പിന്‍ റണ്ണേഴ്‌സ് എന്നീ ക്ലബുകളാണ് പങ്കെടുത്തത്.
രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച റണ്‍ ഫോര്‍ഷോര്‍ റോഡ്- ലക്ഷ്മി ഹോസ്പിറ്റല്‍ റോഡ്- സുഭാഷ് പാര്‍ക്ക് – മറൈന്‍ ഡ്രൈവ് – ഹൈക്കോടതി – പ്രസ്റ്റീജ് ജംഗ്ഷന്‍ വഴി ക്യൂന്‍സ് വാക്ക് വെയില്‍ എത്തി തിരികെ സ്റ്റാര്‍ട്ടിങ് പോയിന്റായ രാജേന്ദ്ര മൈതാനത്ത് സമാപിച്ചു. സര്‍ക്കുലര്‍ ഇക്കണോമിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി ഒമ്പതിന് മറൈന്‍ ഡ്രൈവില്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന മാരത്തോണിന്റെ മുഖ്യ ആകര്‍ഷണം രാജ്യത്തെ എലൈറ്റ് അത് ലറ്റുകള്‍ പങ്കെടുക്കുന്നുവെന്നതാണ്. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.