Section

malabari-logo-mobile

വന്യമൃഗഭീതി ; മൂലങ്കാവ് എറളോട്ടുക്കുന്നിലും പരിസരങ്ങളിലും പാര്‍ക്കിങ് നിരോധിച്ചു

HIGHLIGHTS : Fear of wild animals; Parking has been banned in and around Moolangao Eralottukun

സുല്‍ത്താന്‍ ബത്തേരി: മൂലങ്കാവ് എറളോട്ടുക്കുന്നിലും പരിസരങ്ങളിലും ഭീതിവിതയ്ക്കുകയും വളര്‍ത്തുമൃഗങ്ങളെയും കോഴികളെയും ആക്രമിക്കുകയും ചെയ്ത കടുവയെ പിടികൂടിയെങ്കിലും പ്രദേശവാസികള്‍ ഇപ്പോഴും ജാഗ്രതയിലാണ്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ തന്നെ കടുവയടക്കമുള്ള വന്യമൃഗങ്ങള്‍ ഏത് സമയവും ജനവാസ പ്രദേശങ്ങളിലേക്ക് എത്താനുള്ള സാധ്യത വനം വകുപ്പ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ എറളോട്ടുക്കുന്നിന് സമീപത്തെ ദേശീയപാതയ്ക്ക് ഇരുവശവും പാര്‍ക്കിങ് നിരോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം കടുവക്കായി തെരച്ചില്‍ നടക്കുന്ന സമയത്തുപോലും റോഡരികില്‍ ഇതരജില്ലകളില്‍ നിന്നെത്തിയ സഞ്ചാരികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് വിശ്രമിച്ചിരുന്നു. പ്രദേശത്ത് കടുവസാന്നിധ്യം ഉള്ളതറിയാതെയായിരുന്നു ഭൂരിഭാഗം ആളുകളും ഇവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. പിന്നീട് വനം വകുപ്പും നാട്ടുകാരും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സഞ്ചാരികളോട് പ്രദേശം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

sameeksha-malabarinews

രാത്രിസമയങ്ങളിലടക്കം വനത്തോട് ചേര്‍ന്ന് റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുണ്ട്. ആനകള്‍ റോഡിലേക്ക് ഇറങ്ങാതിരിക്കാന്‍ വൈദ്യുതി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവകളും പന്നികളുമൊക്കെ പ്രത്യേകിച്ചും രാത്രി സമയത്ത് റോഡിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇക്കാര്യം അറിയാത്ത സഞ്ചാരികള്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ കൂടിയാണ് വനത്തിനരികിലെ പാര്‍ക്കിങ് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം സ്ഥിരമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നയിടങ്ങളിലെല്ലാം റിബണ്‍ കെട്ടുകയും മരത്തടികള്‍ അടക്കമുള്ളവ നിരത്തിയിട്ട് വാഹനങ്ങള്‍ക്ക് കയറാനാകാത്ത തരത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന ദേശീയപാത 766ല്‍ നിലവില്‍ വനത്തിനരികിലെ പാര്‍ക്കിങ് നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെ വിനോദസഞ്ചാരികള്‍ യഥേഷ്ടം വാഹനങ്ങള്‍ വനത്തിനരികില്‍ പാര്‍ക്ക് ചെയ്ത് വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ പതിവ് കാഴ്ചയാണ്. വനത്തിന് സമീപം വാഹനം പാര്‍ക്ക് ചെയ്ത് വന്യജീവികളുടെ പടമെടുക്കുന്നതിനിടെ നിരവധി സഞ്ചാരികളെ വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ ഈ റൂട്ടില്‍ ഉണ്ടായിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!