മംഗ്ലൂരു: മംഗ്ലൂരുവില്‍ കൊല്ലപ്പെട്ട ഫാസിലിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മംഗളൂരുവിലെ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. സൂരത്ത്ക്കല്‍, മുല്‍ക്കി, ബജ്പെ, പനമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. കൊല്ലപ്പെട്ട ഫാസിലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മംഗളൂരുവില്‍ തുണിക്കട നടത്തുന്ന ഫാസിലിനെ കടയുടെ മുന്നില്‍ വച്ചാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മുഖം മറച്ച് മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കര്‍ണാടകയിലുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണ് ഫാസിലിന്റേത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാരം ഇന്ന് സൂറത്കലില്‍ നടക്കും.
യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലപാതത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. നിരോധനാജ്ഞയടക്കം പ്രഖ്യാപിച്ചിട്ടും രണ്ടാമത്തെ ദാരുണ സംഭവവും ഉണ്ടായി. കേരള അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചതായി കമ്മീഷണര്‍ അറിയിച്ചു. രാത്രി 10 മണിക്ക് ശേഷം അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. മറ്റ് വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് നിര്‍ദ്ദേശം.
ഫാസിലിനെ വാഹനത്തിലെത്തി കൊലപ്പെടുത്തിയ നാലംഗ സംഘത്തെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതികളെത്തിയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാണെന്നും എന്നാല്‍ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരോട് മംഗ്ലൂരുവില്‍ ക്യാമ്പ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാസിലിന്റെ കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും മംഗ്ലൂരു കമ്മീഷണര്‍ അറിയിച്ചു.




