ചേര്‍ത്തല : മൂന്നുവയസ്സുകാരിയെ സ്‌കൂട്ടറിന്റെ പിന്നില്‍ നിര്‍ത്തി യാത്രചെയ്ത അച്ഛന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് മോട്ടോര്‍വാഹന വകുപ്പ്. അച്ഛന്‍ കുട്ടിയെ പിറകില്‍ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അന്വേഷണണം ആരംഭിച്ചത്. ഇടുക്കി സ്വദേശിക്കെതിരെയാണ് നടപടി.
ഈ കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രി പതിനൊന്നരയ്ക്ക് ചേര്‍ത്തല പതിനൊന്നാംമൈല്‍ മുട്ടത്തിപറമ്പ് റൂട്ടിലായിരുന്നു സംഭവം.പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യം പകര്‍ത്തിയത്. രാത്രി ബാന്‍ഡേജ് വാങ്ങാനിറങ്ങിയതാണെന്നും കൂടെവരാന്‍ കുട്ടി കരഞ്ഞപ്പോള്‍ കൂട്ടിയതാണെന്നുമാണ് അച്ഛന്റെ വിശദീകരണം. കുട്ടി മുറുകെ പിടിച്ചിരുന്നതിനാല്‍ അപകടമുണ്ടാകില്ലെന്നായിരുന്നു ഇയാളുടെ വാദം. ഭാര്യയുടെ പേരിലാണ് സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍.
നേരത്തെ രണ്ടുതവണ മദ്യപിച്ച് വാഹനമോടിച്ചതിന് മാവേലിക്കര ജോയിന്റ് ആര്‍ടിഒ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്തിരുന്നു. ജൂണ്‍വരെ സസ്പെന്‍ഷന്‍ കാലാവധിയുള്ളപ്പോഴായിരുന്നു വീണ്ടും അപകടകരമായ ഈ യാത്ര. ഈ സാഹചര്യത്തിലാണ് ലൈസന്‍സ് റദ്ദാക്കുന്നത്. എംവിഐ മാരായ കെജി ബിജു, എആര്‍ രാജേഷ് എന്നിവരുടെ അന്വേഷണത്തിലാണു നടപടി.



