ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരയില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കര്‍ഷകര്‍. അജയ് മിശ്രയെ കേന്ദ്രമന്ത്രി പദവിയില്‍ നിന്ന് പിരിച്ചു വിടണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബിജെപിക്കെതിരെ രംഗത്തെത്തി. മനുഷ്യത്വരഹിതമായ കൂട്ടക്കൊലയ്ക്ക് ശേഷവും നിശബ്ദനായിരിക്കുന്നവര്‍ മരിച്ചതിന് തുല്യമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
വഴിയരികില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ കോണ്‍വോ വാഹനവ്യൂഹമിടിച്ച് കയറ്റുകയായിരുന്നു എന്നാണ് കര്‍ഷകരുടെ ആരോപണം. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു. പ്രതിഷേധത്തില്‍ ആകെ നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേരുടെ മരണം സ്ഥിരീകരിച്ചതായി ലക്കീംപൂര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിംഗ് അറിയിച്ചു.
നേരത്തെ മരിച്ച രണ്ട് കര്‍ഷകര്‍ക്ക് പുറമെ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരു കര്‍ഷകനും മരിച്ചു. മരണപ്പെട്ട നാലാമത്തെ കര്‍ഷകനെ കേന്ദ്രമന്ത്രിയുടെ മകന്റെ ഗുണ്ടകള്‍ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. മരിച്ചവരില്‍ നാലുപേര്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ വാഹനങ്ങളിലൊന്നില്‍ ഉണ്ടായിരുന്നവരാണെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതിനിടെ മരണപ്പെട്ടവരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഡ്രൈവറും ഉണ്ടായിരുന്നതായി കേന്ദ്രമന്ത്രി അജയ് മിശ്ര ട്വിറ്റ് ചെയ്തു
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിനും ഒന്നിനും ഇടയില്‍ എല്ലാ ജില്ലകളിലെയും ജില്ലാ മജിസ്ട്രേറ്റ് ഓഫീസുകളില്‍ പ്രതിഷേധിക്കാന്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ കര്‍ഷക സംഘടനകളോടും സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു.




