2021 എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്

തിരുവനന്തപുരം : സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരളസര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അദ്ധ്യക്ഷനും ഡോ. ബി. ഇക്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

ഓരങ്ങളിലേക്ക് വകഞ്ഞുമാറ്റപ്പെടുന്ന അടിയാള ജീവിതത്തെ എഴുത്തില്‍ ആവാഹിച്ച എഴുത്തുകാരിയാണ് പി. വത്സല. പ്രാദേശികവും വംശീയവും സ്വത്വപരവുമായ കേരളീയപാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്‌കരിക്കുവാന്‍ അവര്‍ക്ക് സാധിച്ചു. മലയാളഭാഷയില്‍ അതുവരെ അപരിചിതമായ ഒരു ഭൂമികയെ അനായാസമായി വത്സല നമുക്ക് മുന്നില്‍ അവതരിപ്പിച്ചു. മാനവികതയുടെ അപചയങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിയ പി. വത്സല, നിന്ദിതരുടെയും നിരാലംബരുടെയും മുറവിളികള്‍ക്ക് എഴുത്തില്‍ ഇടം നല്‍കി. എല്ലാത്തരം യാഥാസ്ഥിതികത്വത്തില്‍ നിന്നുമുളള വിമോചനം സ്വപ്നം കണ്ടു. കേരളത്തിന്റെ ഹരിതകവചത്തിന് മുറിവേല്ക്കുമ്പോഴും, സമഗ്രാധിപത്യത്തിന്റെ കാലൊച്ചകള്‍ അടുത്തുവരുമ്പോഴും സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോഴും പി. വത്സല ഒരു പോരാളിയെപ്പോലെ പ്രതികരിച്ചിട്ടുണ്ട്.

ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും ആദിവാസികളുടെയും ദൈന്യജീവിതത്തെ സൂക്ഷ്മതയോടെ പകര്‍ത്തിയ വത്സല ടീച്ചര്‍ മലയാളഭാഷയില്‍ പുതിയ ഭാവനയെയും ഭാവുകത്വത്തെയും തോറ്റിയുണര്‍ത്തി. പരിവര്‍ത്തനത്തിലേക്ക് കുതിക്കുന്ന കേരളസമൂഹത്തിന്റെ ആത്മഭാവപ്പകര്‍ച്ചകള്‍ സമഗ്രതയോടെ ചിത്രീകരിച്ച പി. വത്സല ഇരയാക്കപ്പെടുന്നവരുടെ പക്ഷത്തുനില്‍ക്കുന്ന എഴുത്തുകാരിയാണ്.

നോവല്‍രംഗത്തും ചെറുകഥാരംഗത്തും നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ പരമോന്നത സാഹിത്യബഹുമതി പി. വത്സലയ്ക്ക് സമ്മാനിക്കുന്നത്.

Share news
error: Content is protected !!
Scroll to Top