
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് അതിശക്തമാകുന്നു.
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4 സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ടും 7 സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, എറണാകുളം കളമശ്ശേരി, തൃശ്ശൂര്‍ ഒല്ലൂര്‍, പാലക്കാട് തൃത്താല, മലപ്പുറം പൊന്നാനി , കോഴിക്കോട് ബേപ്പൂര്‍, വയനാട് മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതികഠിനമായ ചൂട് മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാകുമെന്നതിനാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. വെയില്‍ കടുക്കുന്ന സമയങ്ങളില്‍, പ്രത്യേകിച്ച് പകല്‍ 11 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കുടയും തൊപ്പിയും ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.




