Section

malabari-logo-mobile

കടുത്ത ചൂടില്‍ നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാം കരുതല്‍ വേണം: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Extreme heat can cause dehydration and illness, care should be taken: Minister Veena George

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ചിക്കന്‍പോക്സ്, വയറിളക്ക രോഗങ്ങള്‍ എന്നിവയ്ക്കെതിരെ ജാഗ്രത വേണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ സമയക്രമം കര്‍ശനമായി പാലിക്കണം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നു എന്നുറപ്പാക്കണം. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ നല്ല വെള്ളവും ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ മറ്റുപല രോഗങ്ങളുമുണ്ടാകും. നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേര്‍ന്ന് ജ്യൂസ് കടകളിലുപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുള്ളതാണോയെന്ന് പരിശോധനകള്‍ നടത്തും. തീപിടിത്തം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ജാഗ്രത പുലര്‍ത്തണം.

sameeksha-malabarinews

പനി നിരീക്ഷണം ശക്തമാക്കാനും ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിംഗ് കൃത്യമായി നടത്താനും നിര്‍ദേശം നല്‍കി. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ ഇന്‍ഫ്ളുവന്‍സയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്‍ഫ്ളുവന്‍സ് രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. പനിയുണ്ടായാല്‍ ആരംഭത്തില്‍ തന്നെ ചികിത്സ തേടേണ്ടതാണ്. ആരോഗ്യ ജാഗ്രത കലണ്ടര്‍ കൃത്യമായി പാലിക്കണം. ആരോഗ്യ ജാഗ്രത നിര്‍ദേശം സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കും. ശേഖരിച്ചു വയ്ക്കുന്ന വെള്ളം കൊതുകിന്റെ സ്രോതസ് ആകുന്നില്ല എന്നുറപ്പാക്കണം. ആശുപത്രികള്‍ മരുന്ന് ലഭ്യത ഉറപ്പ് വരുത്തണം. അവബോധം ശക്തപ്പെടുത്തണം. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കണം. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ മുന്‍കൂട്ടി നിപ പ്രതിരോധ ജാഗ്രത നിര്‍ദേശം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!