സ്‌കൂള്‍ പരിസരങ്ങളില്‍ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന;7 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; 325 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

HIGHLIGHTS : Extensive food safety inspection in school premises; 7 shops suspended; action taken against 325 establishments

തിരുവനന്തപുരം: സ്‌കൂള്‍ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ 18, 19 തീയതികളില്‍ സംസ്ഥാന വ്യാപകമായി സ്‌കൂള്‍ പരിസരങ്ങളിലുള്ള 1502 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. വിവിധ കാരണങ്ങളാല്‍ ഏഴ് കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. പരിശോധനയില്‍ 227 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. 98 കടകളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. 428 സര്‍വൈലന്‍സ് സാമ്പിളുകളും 61 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും പരിശോധനകള്‍ക്കായി ശേഖരിച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ പരിസരത്ത് വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികള്‍, ശീതള പാനീയങ്ങള്‍, ഐസ് ക്രീമുകള്‍, സിപ്-അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്. ഇത്തരം ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മിഠായികളും സിപ്-അപുകളും പല വര്‍ണങ്ങളിലാണ് വില്‍പന കേന്ദ്രങ്ങളില്‍ എത്തുന്നത്. കൃത്രിമ നിറങ്ങള്‍ ഇതിനായി ഉപയോഗിക്കാനുള്ള സാധ്യതകളും കൂടുതലാണ്. നിറങ്ങള്‍ കണ്ട് ഭക്ഷണം വാങ്ങി കഴിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാനത്തെ സ്‌കൂള്‍ പരിസരങ്ങളില്‍ ധാരാളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടയുടമകളെല്ലാവരും തന്നെ വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്.

പരിശോധനയില്‍ കടകളില്‍ ലഭ്യമായ ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുന്നവരുടേയും വിതരണം ചെയ്യുന്നവരുടേയും പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തിയാല്‍ ഭക്ഷണങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, മൊത്ത വില്‍പനക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ക്കെതിരേയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കും. ഉപഭോക്താക്കള്‍ കുട്ടികളായതിനാല്‍ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!