HIGHLIGHTS : Extensive facilities have been provided for the State School Kalolsavam: Minister V. Sivankutty
ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കലോത്സവത്തില്‍ ഉടനീളം അച്ചടക്കം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കും. 63 – മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശിക്ഷക് സദനില്‍ ചേര്‍ന്ന സംഘാടക സമിതി കണ്‍വീനര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മേളയുടെ ഉദ്ഘാടനം ജനുവരി 4 നു രാവിലെ 10 മണിക്ക് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്തി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒന്‍പതര മിനിറ്റ് ദൈര്‍ഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌ക്കാരം വേദിയില്‍ അവതരിപ്പിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വയനാട്, വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നൃത്ത ശില്‍പ്പമൊരുക്കും. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പതിനയ്യായിരം കലാപ്രതിഭകള്‍ മേളയില്‍ മാറ്റുരയ്ക്കും. ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്ക് 10000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മത്സരം നടക്കുന്ന 25 വേദികളിലും കായിക മേളയ്ക്ക് സമാനമായി ജനനേതാക്കളെ പങ്കെടുപ്പിച്ചു സംഘാടക സമിതി രൂപീകരിക്കും. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും കലോത്സവത്തിന്റെ പോസ്റ്ററുകള്‍, ബാനര്‍ എന്നിവ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സ്വര്‍ണ കപ്പ് കാസര്‍ഗോഡ് നിന്നും പുറപ്പെട്ട് തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ പ്രവേശിക്കുമ്പോള്‍ പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്നില്‍ സ്വീകരണം ഒരുക്കും.
ഡിസംബര്‍ 30, 31 തീയതികളില്‍ സ്‌കൂള്‍ തലത്തില്‍ കലോത്സവത്തിന് വേണ്ടിയുള്ള ഭക്ഷ്യ വസ്തുക്കള്‍ ശേഖരിക്കും. ജനുവരി ഒന്നിന് വിവിധ സ്‌കൂളുകളില്‍ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ ബി ആര്‍ സി യിലേക്ക് എത്തിക്കുകയും എം എല്‍ എ മാരുടെ സാന്നിദ്ധ്യത്തില്‍ ഏറ്റുവാങ്ങുകയും ചെയ്യും. ജനുവരി 2 ന് പന്ത്രണ്ട് ബി ആര്‍ സി കളില്‍ നിന്നും പുത്തരിക്കണ്ടത്ത് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ സംഘാടക സമിതി ചെയര്‍മാനായ മന്ത്രി ജി ആര്‍ അനില്‍ ഏറ്റുവാങ്ങും. ജനുവരി 3 ന് രാവിലെ 10.30 ന് ഊട്ടുപുരയുടെ പാലുകാച്ചല്‍ മന്ത്രി വി ശിവന്‍കുട്ടി പുത്തരിക്കണ്ടത്ത് നിര്‍വഹിക്കും. അന്ന് വൈകിട്ട് മുതല്‍ ഭക്ഷണം വിതരണം ചെയ്ത് തുടങ്ങും. ജനുവരി 4ന് പ്രഭാത ഭക്ഷണം ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വിളമ്പി ഉദ്ഘാടനം ചെയ്യും.
സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നഗരത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നഗരത്തിലെ സ്‌കൂളുകളില്‍ തന്നെ മികച്ച താമസസൗകര്യം ഒരുക്കും. സുരക്ഷിതമായ താമസസൗകര്യത്തിനായി 25 കേന്ദ്രങ്ങളും 10 റിസര്‍വ് കേന്ദ്രങ്ങളുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ അക്കോമഡേഷന്‍ ചാര്‍ട്ടും, ലൊക്കേഷനും, ബന്ധപെടേണ്ട നമ്പറും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭിക്കുന്ന സജ്ജീകരണമാണ് തയാറാക്കുന്നത്.
നഗരപരിധിയിലെ മുഴുവന്‍ സ്‌കൂളുകളുടെയും ബസുകള്‍ കലോത്സവത്തിനായി ഏറ്റെടുത്തിട്ടുണ്ട്. കലോത്സവം നടക്കുന്ന 25 വേദികളിലും എന്‍ സി സി, എസ് പി സി കേഡറ്റുകളെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വോളണ്ടിര്‍മാരായി നിയോഗിക്കും. കലോത്സവത്തിന് എത്തുന്നത് മുതല്‍ തിരികെ പോകുന്നത് വരെ എല്ലാ കാര്യങ്ങള്‍ക്കും വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും.
സ്റ്റേജ്, പന്തല്‍ നിര്‍മാണങ്ങള്‍ ജനുവരി ഒന്നിന് തന്നെ പൂര്‍ത്തിയാക്കും. എല്ലാ വേദികളിലും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം, ഓരോ ദിവസവുമുള്ള മാലിന്യനിര്‍മാര്‍ജനം എന്നിവക്കും ക്രമീകരണമായി. മൂന്നാം തീയതി മുതല്‍ വിവിധ ജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും സ്വീകരിക്കുന്നതിനും താമസ സ്ഥലത്ത് എത്തിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വേദികളിലും താമസസ്ഥലത്തും ആംബുലന്‍സ് സംവിധാനം ഉറപ്പാക്കും. രണ്ടു മൂന്നു വേദികള്‍ സംയോജിപ്പിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേവനവുമുണ്ടാവും.
ഗ്രീന്‍ റൂമില്‍ ഫോട്ടോഷൂട്ട് അനുവദിക്കില്ല. പകരം ഫോട്ടോ എടുക്കുന്നതിനായി പ്രത്യേക സംവിധാനം പുറത്ത് ഒരുക്കും. മത്സര ഇനത്തില്‍ പേര് വിളിക്കുന്ന സമയത്ത് ഹാജരായില്ലെങ്കില്‍ പിന്നീട് അവസരം നല്‍കില്ല. കൃത്യസമയത്ത് തന്നെ മത്സരം തീര്‍ക്കുന്ന തരത്തിലാണ് ഇത്തവണ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും സ്വാഗതസംഘം ചെയര്‍മാനുമായ ജി ആര്‍ അനില്‍, എം എല്‍ എ മാരും വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരുമായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്‍, ഐ ബി സതീഷ്, ഒ എസ് അംബിക, എം വിന്‍സെന്റ്, വി കെ പ്രശാന്ത് തുടങ്ങിയവരും അധ്യാപക, ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു