കരിയര്‍ ഗൈഡന്‍സ് രംഗത്തെ ചൂഷണങ്ങള്‍ ഒഴിവാക്കും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം:കരിയര്‍ ഗൈഡന്‍സ് രംഗത്ത് ചിലയിടങ്ങളില്‍ നടക്കുന്ന ചൂഷണങ്ങള്‍ ഒഴിവാക്കി, ഉദ്യോഗാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യവും ശാസ്ത്രീയവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കരമനയില്‍ ആരംഭിച്ച കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെയും സി.ഡി.സി.എം.എസ് സോഫ്‌റ്റ്വെയറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനമായിട്ടുണ്ടെങ്കിലും, ശരിയായ കരിയര്‍ ഗൈഡന്‍സ് എവിടെ ലഭിക്കും എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗത തൊഴിലവസരങ്ങള്‍ പരിമിതമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പുതിയ തൊഴില്‍ മേഖലകളെക്കുറിച്ചും ആവശ്യമായ നൈപുണ്യങ്ങളെക്കുറിച്ചും യുവാക്കള്‍ക്ക് ശരിയായ സമയത്ത് അവബോധം നല്‍കേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യത്തോടെയാണ് 2016-17 മുതല്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മൂന്നാമത്തെ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററാണ് കരമനയില്‍ ആരംഭിക്കുന്നത്.

കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന് സമീപമുള്ള കെട്ടിടം സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററായി അനുവദിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയതായി മന്ത്രി അറിയിച്ചു. ഇത് സംസ്ഥാനത്തെ പ്രധാന സ്‌കില്‍ ഹബ്ബായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ തൊഴില്‍ ലക്ഷ്യമിടുന്നവര്‍ക്കായി ഇതേ കെട്ടിടത്തില്‍ ജര്‍മ്മന്‍ വെല്‍ക്കം സെന്ററും ആരംഭിക്കും. നിലവിലെ കെട്ടിടത്തിന് പകരമായി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നാല് കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചതായി മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എട്ട് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകളിലായി ഇതുവരെ 71,909 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തിഗത മാര്‍ഗനിര്‍ദേശങ്ങളും സെമിനാറുകളും വഴി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിച്ചു. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക കരിയര്‍ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു. പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ് പരീക്ഷകള്‍ക്കായി 8,600-ല്‍ അധികം പേര്‍ക്ക് പരിശീലനം നല്‍കാനും ഈ സെന്ററുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തിന്റെ അവസരങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാന്‍ ഈ കേന്ദ്രം ഏവര്‍ക്കും സഹായകരമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ വികസന പദ്ധതികള്‍ക്കും തുടക്കമിട്ടു. കരമന ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1.30 കോടി രൂപ ചെലവിലുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം, എം.എല്‍.എ ഫണ്ടും കായിക വകുപ്പ് ഫണ്ടും വിനിയോഗിച്ചുളള ഗ്രൗണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

സ്‌കോള്‍ കേരള ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ തിയേറ്റര്‍ ആര്‍ട്സ് പാഠ്യപദ്ധതി നിരീക്ഷ ഡയറക്ടര്‍ സുധി ദേവയാനിക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംപ്ലോയ്മെന്റ് ഡയറക്ടര്‍ സുള്‍ഫിയാന്‍ അഹമ്മദ് സ്വാഗതം ആശംസിച്ചു. സ്‌കോള്‍ കേരള ഡയറക്ടര്‍ ഡോ. ജനേഷ് കുമാര്‍, ഡയറക്ടര്‍മാരായ ഡി.ആര്‍. ഹാന്റ, അഞ്ജന എം.എസ് എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top