പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നല്‍കണം;ഒഴിഞ്ഞകുപ്പി തിരികെ നല്‍കിയാല്‍ പണവും തിരികെ കിട്ടും;മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പികളില്‍ വിതരണം ചെയ്യുന്ന മദ്യത്തിന് 20 രൂപ അധികം നല്‍കണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. അതെസമയം ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ പണവും തിരികെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. അധിക തുകയായി 20 രൂപയാണ് ഈടാക്കുക. ഇത് നിക്ഷേപമായി കണക്കാക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനോടകം ഈ പദ്ധതി നടപ്പാക്കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഗ്ലാസ് ബോട്ടിലുകളിലാകും വിതരണം നടത്തുക. പ്ലാസ്റ്റിക് ബോട്ടിലുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനവും ഉണ്ടാക്കും. ഓരോ ബോട്ടലിനും 20 രൂപ ഡിപ്പോസിറ്റായിട്ട് അധികമായി ഈടാക്കും. ബോട്ടില്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ തിരിച്ചെത്തിച്ചാല്‍ 20 രൂപ തിരിച്ചുകൊടുക്കും. കുപ്പിയുടെ മുകളില്‍ ക്യൂ ആര്‍ കോഡ് വെയ്ക്കും.

പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പ്രതിവര്‍ഷം 70 കോടിയോളം ബോട്ടിലുകളില്‍ 80 ശതമാനവും പ്ലാസ്റ്റിക് ബോട്ടിലുകളാണ്. ഇത് തെരുവില്‍ വലിച്ചെറിയുന്നതിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. ബെവ്‌കോയുടെ ആദ്യ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റ് ആഗസ്റ്റ് 5 ന് തൃശൂരില്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും ഓരോ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top