കേരളത്തില്‍ സ്‌കൂള്‍ അവധി മഴക്കാലത്തേക്ക് മാറ്റിയാല്‍? ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് സ്വാഗതം ചെയ്ത് മന്ത്രി വി. ശിവന്‍കുട്ടി

തിരൂവനന്തപുരം : കേരളത്തിലെ സ്‌കൂള്‍ അവധിക്കാലം ജൂണ്‍, ജുലൈ മാസത്തേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യഭ്യാസമന്ത്രി വി.ശിവന്‍ കുട്ടി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ടെന്നും ഇതൊഴുവാക്കാന്‍ ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി മഴക്കാലത്തേക്ക് മാറ്റാനുള്ള നിര്‍ദ്ദേശമാണ് മന്ത്രിതന്നെ തന്റെ ഫേസ്ബുക്ക് വാളിലെ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താന്‍ ആവിശ്യപ്പെട്ടുകൊണ്ടാണ് കുറിപ്പ്. സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നുവരുന്നത്.

മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ…
കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.
ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് – ജൂണ്‍ എന്ന ആശയവും ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു.
ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം?
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.
നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
സ്‌നേഹത്തോടെ
വി ശിവന്‍കുട്ടി

 

Share news
error: Content is protected !!
Scroll to Top