HIGHLIGHTS : Entrepreneurs Grievance Redressal Portal launched
സംരംഭകത്വവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോര്‍ട്ടലിനു തുടക്കമായി. ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര പോര്‍ട്ടലില്‍ പരാതി ലഭിച്ചാല്‍ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.
സംരംഭക വര്‍ഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് സംരംഭകത്വത്തിന്റെ ആത്മവിശ്വാസം ഉറപ്പിക്കാന്‍ കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി. ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,34,705 സംരംഭങ്ങള്‍ വന്നുകഴിഞ്ഞു. ഇതു കേരളത്തിന്റെ ചരിത്രത്തിലെ വലിയ അനുഭവമാണ്. 2,88,933 തൊഴിലുകളും 8042.22 കോടി രൂപയുടെ നിക്ഷേപവും ഇതിലൂടെ വന്നു. എല്ലാ തലങ്ങളിലുമുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇതു സാധ്യമായത്. ഇതില്‍ കൊഴിഞ്ഞുപോകാന്‍ സാധ്യതയുള്ളവയുടെ ദേശീയ ശരാശരി ആദ്യ വര്‍ഷം 30 – 40 ശതമാനമാണ്. ഇതു കുറയ്ക്കുന്നതിനെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്.

ആരംഭിച്ച സംരംഭങ്ങള്‍ പരമാവധി നിലനിര്‍ത്തുന്നതിനായി ഒരു സസ്റ്റെയിനബിലിറ്റി സ്‌കീം ആലോചിക്കുന്നുണ്ട്. ഹ്രസ്വ, ദീര്‍ഘകാല പദ്ധതിയായിട്ടാകും ഇതു നടപ്പാക്കുക. എല്ലാ ജില്ലകളിലെയും എം.എസ്.എം.ഇ. ക്ലിനിക്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പരിഹാരം കാണും. ബാങ്കുകള്‍ എം.എസ്.എം.ഇകള്‍ക്കു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 10,000 കോടി രൂപ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 10 മാസംകൊണ്ട് അധികമായി നല്‍കിയിട്ടുണ്ടെന്നാണു കണക്ക്. ഇതു കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. രണ്ടു മാസംകൂടി കഴിയുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ 25000 കോടി രൂപയുടെ വര്‍ധനവുണ്ടാകുമെന്നാണു കരുതുന്നത്. ബാങ്കുകളുടെ സഹായം തുടര്‍ന്നും തേടും. പദ്ധതിയുടെ ഭാഗമായി നിയോഗിച്ചിരുന്ന ഇന്റേണികള്‍ തുടങ്ങിയ സംരംഭങ്ങളെല്ലാം ഒരിക്കല്‍കൂടി സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കും. താലൂക്ക് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഇതിനു മേല്‍നോട്ടം വഹിക്കും. ഒരു ഗ്ലോബല്‍ ലിങ്കര്‍ മോഡല്‍ സംവിധാനം ആലോചിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള സംവിധാനത്തില്‍ സംരംഭത്തിനുണ്ടാകുന്ന പ്രശനങ്ങള്‍ സര്‍ക്കാരിനു മനസിലാക്കാനും ഇടപാടാനുമാകും. ജനകീയ പിന്‍ബലവും സംരംഭകര്‍ക്കു നല്‍കുമെന്നു മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എട്ട് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് ഇതിനോടകം ലൈസന്‍സ് നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കും. ഇതില്‍ എട്ടെണ്ണം വരുന്ന സാമ്പത്തിക വര്‍ഷംതന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. ഇതുവഴിയും വ്യവസായ പാര്‍ക്കുകള്‍ തുറക്കാന്‍ കഴിയും. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചാ നിരക്ക് 17.3 ശതമാനമാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതില്‍ത്തന്നെ മാനുഫാക്ചറിങ് സെക്ടര്‍ 18.9 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. മികച്ച മാറ്റം കേരളത്തില്‍ നടക്കുന്നുവെന്നു വസ്തുതകള്‍ വ്യക്തമാക്കുന്നുണ്ട്. സംരംഭകരിലും നല്ല ആത്മശ്വാസം പ്രകടമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മതിയായ കാരണം കൂടാതെ സംരംഭകനു സേവനം നല്‍കുന്നതില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ കാലതാമസമോ വീഴ്ചയോ വരുത്തിയാല്‍ ജില്ലാ – സംസ്ഥാന പരാതി പരിഹാര കമ്മിറ്റികളുടെ തീരുമാനത്തിനു വിധേയമായി ഉദ്യോഗസ്ഥനുമേല്‍ പിഴ ചുമത്തുന്നതിനും വകുപ്പുതല നിയമ നടപടി സ്വീകരിക്കുന്നതിനും പുതിയ പരാതി പരിഹാര സംവിധാനത്തിലൂടെ കഴിയും. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ജില്ലാതല കമ്മിറ്റികള്‍ക്ക് പരിശോധിക്കാനാകും. 10 കോടിക്കു മുകളില്‍ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക. സംസ്ഥാന കമ്മിറ്റിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമാണ്. തിരുവനന്തപുരം വിവാന്റ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, എഫ്.ഐ.സി.സി.ഐ. സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. എം. സഹദുള്ള, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് നിസാറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.