Section

malabari-logo-mobile

ഒറ്റക്കുതിപ്പില്‍ ലക്ഷ്യം നേടി സംരംഭക വര്‍ഷം പദ്ധതി; എട്ട് മാസത്തിനിടെ ഒരു ലക്ഷം സംരംഭങ്ങള്‍, 6282 കോടി രൂപയുടെ നിക്ഷേപം, 2,20,500 പേര്‍ക്ക് തൊഴില്‍

HIGHLIGHTS : Entrepreneurial year project achieved the goal in one fell swoop

എട്ട് മാസക്കാലയളവിനുള്ളില്‍ സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ച് സംരംഭക വര്‍ഷം പദ്ധതിക്ക് ചരിത്രനേട്ടം. ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി വഴി ഇതിനോടകം 1,01,353 സംരംഭങ്ങള്‍ ആരംഭിച്ചത് ചരിത്രനേട്ടമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയിലൂടെ കേരളത്തിലേക്ക് 6282 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 2,20,500 പേര്‍ക്ക് ഒരു ലക്ഷം സംരംഭങ്ങളിലൂടെ തൊഴില്‍ ലഭിച്ചു. സംരംഭങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ പ്രധാന നാഴികക്കല്ലാണിത്.

ഈ കാലയളവിനുള്ളില്‍ മലപ്പുറം, എറണാകുളം ജില്ലകളില്‍ പതിനായിരത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചു. കൊല്ലം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഒന്‍പതിനായിരത്തിലധികവും കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ എട്ടായിരത്തിലധികവും കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ഏഴായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഇരുപതിനായിരത്തിലധികമാളുകള്‍ക്കും ആലപ്പുഴ, കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെല്ലാം തന്നെ പതിനയ്യായിരത്തിലധികം ആളുകള്‍ക്കും തൊഴില്‍ നല്‍കാന്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ സാധിച്ചു.

sameeksha-malabarinews

വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന വയനാട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ പതിനെട്ടായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വ്യാവസായിക സാഹചര്യം മാനദണ്ഡമാക്കി ഓരോ ജില്ലയിലും തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിക്കേണ്ട സംരംഭങ്ങളുടെ ടാര്‍ഗറ്റ് നല്‍കിയിരുന്നു. ഇങ്ങനെ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് വയനാട് ജില്ലയാണ്. കേരളത്തിലെ 70 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇങ്ങനെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ലക്ഷ്യത്തിന്റെ 100 ശതമാനം കൈവരിച്ചിട്ടുണ്ട്.

സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിലാണ്. 17958 പുതിയ സംരംഭങ്ങള്‍ ഇക്കാലയളവില്‍ നിലവില്‍ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58038 പേര്‍ക്ക് ഈ യൂണിറ്റുകളിലൂടെ തൊഴില്‍ ലഭിച്ചുവെന്നത് എടുത്തുപറയേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

ഗാര്‍മെന്റ്‌സ് ആന്റ് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ 11672 സംരംഭങ്ങളും 500 കോടിയിലധികം രൂപയുടെ നിക്ഷേപവും 23874 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് മേഖലയില്‍ 4352 സംരംഭങ്ങളും 260 കോടി രൂപയുടെ നിക്ഷേപവും 8078 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

സര്‍വ്വീസ് മേഖലയില്‍ 7810 സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 465 കോടി രൂപയുടെ നിക്ഷേപവും 17707 തൊഴിലും ഈ മേഖലയില്‍ ഉണ്ടായി. വ്യാപാര മേഖലയില്‍ 31676 സംരംഭങ്ങളും 1817 കോടിയുടെ നിക്ഷേപവും 58038 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിന് പുറമെ ബയോ ടെക്‌നോളജി, കെമിക്കല്‍ മേഖല തുടങ്ങി ഇതര മേഖലകളിലായി 26,679 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. വനിതാ സംരംഭകര്‍ നേതൃത്വം നല്‍കുന്ന 25,000ത്തിലധികം സംരംഭങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്നതും നേട്ടമാണ്. കൂടാതെ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലുള്‍പ്പെടുന്ന 10 പേര്‍ വിവിധ സംരംഭങ്ങള്‍ പദ്ധതി വഴി ആരംഭിച്ചിട്ടുണ്ട്.

2022 മാര്‍ച്ച് 30നാണ് പദ്ധതി ആരംഭിച്ചത്. മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും തൊഴിലാളി സംഘടനകളുമായും ഫിക്കി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസ്, സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ തുടങ്ങിയ സംരംഭക സംഘടനകളുമായും യോഗങ്ങള്‍ നടത്തിയിരുന്നു.

തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചത് വലിയ ഗുണം ചെയ്തു. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് പദ്ധതിയെക്കുറിച്ച് വിവരങ്ങളെത്തിക്കാന്‍ ശില്‍പശാലകളും സംഘടിപ്പിച്ചു.

ആദ്യ നാല് മാസത്തിനുള്ളില്‍ തന്നെ അന്‍പതിനായിരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത് കേരളത്തില്‍ സംരംഭങ്ങളാരംഭിക്കാമെന്ന് മറ്റുള്ളവര്‍ക്കും തോന്നാന്‍ സഹായകമായി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൗഹൃദ സമീപനം കൂടുതല്‍ നിക്ഷേപകര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രചോദനമായെന്ന് മന്ത്രി പറഞ്ഞു.

കൂടുതല്‍ പേര്‍ക്ക് സംരംഭകത്വത്തിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കുന്നതിന് ബാങ്ക് വായ്പാ നടപടികള്‍ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്ക് ഏത് തരം സഹായം ലഭ്യമാക്കാനും എം.എസ്.എം.ഇ ക്ലിനിക്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണയും ഉത്പന്നങ്ങള്‍ക്ക് കേരള ബ്രാന്‍ഡിങ് നല്‍കുന്നതിനും വഴിയൊരുക്കും. കൂടാതെ ഓണ്‍ലൈന്‍ വിപണനത്തിനുള്ള സാധ്യതകളും സംരംഭകരില്‍ എത്തിക്കും.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാകുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ വലിയതോതില്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2023 ജനുവരിയില്‍ എറണാകുളം ജില്ലയില്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ സംരംഭകരായവരുടെ സംഗമം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടിമാരായ സുമന്‍ ബില്ല, എ.പി.എം മുഹമ്മദ് ഹനീഷ്, വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!