Section

malabari-logo-mobile

പ്രശ്‌നങ്ങള്‍ അതിവേഗം തീര്‍പ്പാക്കി മലപ്പുറത്തെ സാന്ത്വന സ്പര്‍ശത്തിന് സമാപനം ;ജില്ലയില്‍ അനുവദിച്ചത് 2,21,30,105 രൂപയുടെ ധനസഹായം

HIGHLIGHTS : മലപ്പുറം : പൊതുജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് സംഘടിപ്പി...

മലപ്പുറം : പൊതുജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് സംഘടിപ്പിച്ച ‘സാന്ത്വന സ്പര്‍ശം’ അദാലത്തുകള്‍ക്ക് ജില്ലയില്‍ പരിസമാപ്തി. നിലമ്പൂരില്‍ നടന്ന സമാപന സമ്മേളനം ന്യൂനപക്ഷ ക്ഷേമ – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ എന്തിന് എന്നതിന്റെ ഉത്തരമാണ് സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. എണ്ണയിട്ട യന്ത്രം പോലെയാണ് മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇതിന്റെ ഗുണഫലം സമൂഹത്തിനാകെ ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. എല്ലാവരേയും ചേര്‍ത്ത് നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ശ്വവത്കൃതരേയും അശരണരേയും അകറ്റിനിര്‍ത്താതെ ചേര്‍ത്തു പിടിക്കാന്‍ സാന്ത്വന സ്പര്‍ശത്തിലൂടെ സാധിച്ചു. നിറഞ്ഞ മനസോടെയാണ് പരാതികളുമായെത്തിയവര്‍ തിരിച്ചു പോയത്. കഷ്ടപ്പെടുന്ന മനുഷ്യരുടെ കണ്ണീരൊപ്പാനാകുന്നത് നാളേക്കുള്ള സേവന പഥം മികവുറ്റതാക്കും. ഇങ്ങനെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ജനപക്ഷമാകുമെന്നും ജനങ്ങള്‍ അത് തിരിച്ചറിയുമെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം ഡോ. എം.സി റെജില്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

sameeksha-malabarinews

പൊന്നാനി, കൊണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളിലായി ജില്ലയിലെ ഏഴ് താലൂക്കുകളും ഉള്‍പ്പെടുത്തി നടന്ന അദാലത്തുകളില്‍ പരിഹരിക്കാതെ കിടന്ന നിരവധി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പായി. ന്യൂനപക്ഷ ക്ഷേമ – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, എക്‌സൈസ് – തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 2,21,30,105 രൂപയുടെ ധന സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ജില്ലയില്‍ അനുവദിച്ചത്.

സമാപന ദിവസം നിലമ്പൂരില്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍ താലൂക്കുകളിലുള്ളവര്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ 1,201 അപേക്ഷകളില്‍ 70,59,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു. ഇതില്‍ നിലമ്പൂര്‍ താലൂക്കില്‍ 967 അപേക്ഷകര്‍ക്കായി 54,50,250 രൂപയും പെരിന്തല്‍മണ്ണ താലൂക്കില്‍ 234 അപേക്ഷകര്‍ക്ക് 16,09,500 രൂപയുമാണ് അനുവദിച്ചത്. ആദ്യദിനം പൊന്നാനിയില്‍ സംഘടിപ്പിച്ച പൊന്നാനി, തിരൂര്‍ താലൂക്കുകള്‍ക്കായുള്ള അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയില്‍ നിന്ന് 365 അപേക്ഷകളിലായി 38,42,855 രൂപയാണ് ധനസഹായമായി അനുവദിച്ചത്. പൊന്നാനി താലൂക്കില്‍ 190 അപേക്ഷകളിലായി 18,01,000 രൂപയും തിരൂര്‍ താലൂക്കില്‍ 175 അപേക്ഷകളിലായി 20,41,855 രൂപയുമാണ് ധനസഹായമായി അനുവദിച്ചത്.

കൊണ്ടോട്ടി, തിരൂരങ്ങാടി, ഏറനാട് താലൂക്കുകള്‍ക്കായി കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച ജില്ലയിലെ രണ്ടാം ദിനത്തിലെ അദാലത്തില്‍ 1,12,27,500 രൂപ 1,437 അപേക്ഷകളിലായി ധസഹായമായി അനുവദിച്ചു. ഇതില്‍ കൊണ്ടോട്ടി താലൂക്കിലെ 956 അപേക്ഷകളിലായി 73,57,000 രൂപയും തിരൂരങ്ങാടി താലൂക്കിലെ 189 അപേക്ഷകളിലായി 15,77,500 രൂപയും ഏറനാട് താലൂക്കില്‍ 292 അപേക്ഷകളിലായി 22,93,000 രൂപയുമാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. സഹായ ധനത്തിന് പുറമെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതികള്‍ക്കും അദാലത്തില്‍ തീര്‍പ്പായി. സാങ്കേതിക പ്രശ്‌നങ്ങളുള്ള വിഷയങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!