കെ.എസ്.ഇ.ബിക്കു ലഭിക്കേണ്ട വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി. 2023 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞു കിട്ടാനുള്ള കുടിശിക 3,260 കോടി രൂപയോളമാണ്. നിലവില്‍ രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി കുടിശ്ശിക വരുത്തിയ ഉപഭോക്താക്കള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി കുറഞ്ഞ പലിശ നിരക്കില്‍ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് അംഗീകാരം നല്‍യിട്ടുള്ളത്. പദ്ധതിയുടെ കാലാവധി 2023 ജൂലൈ 20 മുതല്‍ ഡിസംബര്‍ 30 വരെയാണ്.
നിലവില്‍ വൈദ്യുതി കുടിശികയ്ക്ക് ബോര്‍ഡ് 18 ശതമാനം പിഴപലിശയാണ് ഈടാക്കുന്നത്. എന്നാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കുടിശികയ്ക്ക് ആറ് ശതമാനം പലിശയും അഞ്ച് വര്‍ഷം മുതല്‍ 15 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് അഞ്ച് ശതമാനം പലിശയും കൂടാതെ 15 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശ്ശികയ്ക്ക് നാല് ശതമാനം പലിശയും പദ്ധതിയില്‍ നല്‍കിയാല്‍ മതി. ഇതുവഴി കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക് കുടിശ്ശിക തുകയില്‍ ഗണ്യമായ കുറവുവരും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് മുതലും പലിശയും തിരിച്ചടക്കുന്നതിന് 12 തവണകള്‍ വരെ അനുവദിക്കും.കോടതി നടപടികളില്‍ കുടുങ്ങി തടസപ്പെട്ടുകിടക്കുന്ന കുടിശ്ശികകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടച്ചു തീര്‍ക്കാം.
വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന വൈദ്യുതി കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍ അടക്കേണ്ട മിനിമം ഡിമാന്റ് ചാര്‍ജ്ജ്, പുനര്‍നിര്‍ണയം ചെയ്ത്, മിനിമം ഡിമാന്റ് ചാര്‍ജ്ജില്‍ കുറവുവരുത്തി അത് പിരിച്ചെടുക്കുന്നതിന് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം തേടിയിട്ടുള്ള ഉപഭോക്താക്കളില്‍ പലകാരണങ്ങളാല്‍ ഈ പദ്ധതി വഴി കുടിശിക തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്കും ഇപ്പോള്‍ അംഗീകാരം നല്‍കിയിട്ടുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി കുടിശിക പിരിച്ചെടുക്കുന്നതില്‍ മികവ് കാണിക്കുന്ന സെക്ഷന്‍ ഓഫീസുകള്‍, സബ്ഡിവിഷന്‍ ഓഫീസുകള്‍, ഡിവിഷന്‍ ഓഫീസുകള്‍, സര്‍ക്കിള്‍ ഓഫീസുകള്‍ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ക്ക് ഉചിതമായ ഇന്‍സെന്റീവും, പ്രോത്സാഹനവും നല്‍കണമെന്നും കമ്മീഷന്‍ കെ.എസ്.ഇ.ബിയോടു നിര്‍ദേശിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




