
മലപ്പുറം: സമീപകാലത്തുണ്ടായ വൈദ്യുതി അപകടങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട് മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ സർക്കാർ തലത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഫലപ്രദമായ സുരക്ഷാ നടപടികൾ സമയബന്ധിതമായി നടപ്പാക്കണമെന്നും പി. ഉബൈദുള്ള എം.എൽ ആവശ്യപ്പെട്ടു.
മലപ്പുറം മണ്ഡലതലത്തിൽ വൈദ്യുതി സുരക്ഷ ജാഗ്രതാ സമിതി രൂപീകരണ യോഗം കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേരി കെ.എസ്.ഇ.ബി.എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി. സാബിഖ് നസീം അധ്യക്ഷത വഹിച്ചു.
വർധിച്ചു വരുന്ന വൈദ്യുത അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ കെ എസ് ഇ ബി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. വൈദ്യുതി കൈകാര്യം ചെയ്യുന്നതിൽ പൊതുജനങ്ങൾക്ക് വ്യക്തമായ അവബോധം ഇല്ലാത്തതിനാൽ ധാരാളം അപകടങ്ങൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് പൊതുജനങ്ങൾക്കിടയിൽ വ്യക്തമായ അവബോധം ഉണ്ടാക്കുന്നതിനും വൈദ്യുതി കൈകാര്യം ചെയ്യുന്നതിന് സ്വീകരിക്കേണ്ട സുരക്ഷിത മാർഗ്ഗങ്ങൾ പ്രചരിപ്പിക്കുന്നതിനും പൊതു ജനങ്ങളും ബോർഡും തമ്മിലുള്ള ബന്ധം സൗഹൃദപരമാക്കുന്നതിനുമായി വാർഡ് തലം / പഞ്ചായത്ത് തല / നിയമസഭാ മണ്ഡല തലങ്ങളിൽ വിവിധ വൈദ്യുതി സുരക്ഷാ സമിതികൾ രൂപികരിക്കാൻ ബോർഡ് ഉത്തരവിറക്കിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു യോഗം വിളിച്ചത്.
മണ്ഡല തലത്തിൽ സുരക്ഷ കമ്മിറ്റിയുടെ ചെയർമാൻ എം.എൽ.എ യും കൺവീനർ മഞ്ചേരി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും മുനിസിപ്പൽ ചെയർമാൻ, മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ അംഗങ്ങളുമായിരിക്കും.
മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡുകൾ തോറും സുരക്ഷാ സമിതികൾ രൂപീകരിക്കും. വിദ്യാലയങ്ങൾക്കു സമീപം അപകടകരമായ രീതിയിൽ പോകുന്ന വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിക്കും. ഇതു സംബന്ധിച്ച പരാതികൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. സി അബ്ദുറഹ്മാൻ, എം.ടി അലി, അടോട്ട് ചന്ദ്രൻ, സുനീറ പൊറ്റമ്മൽ, വൈസ് പ്രസിഡണ്ടുമാരായ അബ്ദുൽ ജലീൽ, സാദിഖ് പൂക്കാടൻ, കല്ലേങ്ങൽ നുസ്രീന മോൾ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി ബഷീർ,പഞ്ചായത്ത് മെമ്പർമാരായ ആസ്യ കുന്നത്ത്, മുംതാസ് വില്ലൻ,റഹ്മത്ത് കെ. നവാസ് എ. കെ, ജില്ലാ ഫോറസ്റ്റ് കൺസർവേറ്റർ സൈനുൽ ആബിദീൻ, ഏറനാട് തഹസിൽദാർ കെ.എസ്.അഷ്‌റഫ്, കെ എസ് ഇ ബി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അനീഷ് പറക്കാടൻ ,ബൈജു.സി, അസി. എഞ്ചിനീയർമാരായ അഭിലാഷ് പി , മുഹമ്മദ് സാദിഖ് . കെ.എം, ഇഖ്ബാൽ , ഫക്രുദ്ദീൻ.പി, രഘുനാഥ്.സി, ഷംസുദ്ദീൻ.സി എന്നിവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




