നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്ന് വിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: 70 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുമോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. തുറന്ന് വിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ മോദി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സൈ്വര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

1952 ലാണ് രാജ്യത്ത് ചീറ്റപുലികള്‍ക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്.

ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാര്‍ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകള്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലാണ് കൂനോ നാഷണല്‍ പാര്‍ക്കിലേക്ക് എത്തിച്ചത്.

രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ് ആഫ്രിക്കന്‍ പുല്‍മേടുകളെ വിട്ട് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. ഒത്ജിവരോംഗോ റിസര്‍വില്‍ നിന്നാണ് ഇവരെ പിടിച്ചത്. മൂന്നാമത്തെ ആണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നാണ്. പ്രായം നാല് വയസ്.

എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തില്‍ കൊണ്ടുവന്നത്. തുടര്‍ന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. 600ഹെക്ടര്‍ പ്രദേശമാണ് ചീറ്റകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top