വിദ്യാഭ്യാസ മേഖലയെ കാലോചിതമായി പരിഷ്‌കരിക്കും: മുഖ്യമന്ത്രി

തിരുവന്തപുരം: സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്തു പരിഷ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലും കാലോചിതമായ പരിഷ്‌കരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഠ്‌ന ലിഖ്‌ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി മാറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച പുരോഗതിയാണു നാടിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിക്കു വഴിവച്ചതെന്നതില്‍ സംശയമില്ല. എഴുതാനും വായിക്കാനും പഠിക്കുന്ന വ്യക്തി അറിവിന്റേയും വിജ്ഞാനത്തിന്റേയും ലോകവുമായി കണ്ണിചേര്‍ക്കപ്പെടും. അതുവഴിയാണു സാമൂഹ്യ മുന്നേറ്റം സാധ്യമാകുന്നത്. കേരളത്തില്‍ ആറു ശതമാനത്തിലധികം ആളുകള്‍ ഇനിയും സാക്ഷരത നേടേണ്ടതായിട്ടുണ്ട്. അവരെക്കൂടി എഴുത്തും വായനയും അഭ്യസിപ്പിക്കുക എന്ന നിലയ്ക്കാണു പഠ്‌ന ലിഖ്‌ന അഭിയാനെ സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന വിഹിതവും ഉപയോഗിച്ചാണു പഠ്‌ന ലിഖ്‌ന പദ്ധതി നടക്കുന്നത്. വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ രണ്ടു ലക്ഷം പേരെ സാക്ഷരരാക്കലാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവരാകണമെന്നും 75 ശതമാനം സ്ത്രീകളായിരിക്കണമന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങളേയും ന്യൂനപക്ഷങ്ങളേയും പ്രത്യേകിച്ചു സ്ത്രീകളെ ശാക്തീകരിക്കാന്‍ ഉതകുന്ന പദ്ധതിയാക്കി ഇതിനെ രൂപപ്പെടുത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.

 

Share news
error: Content is protected !!
Scroll to Top