HIGHLIGHTS : Education Minister V. Sivankutty says an actress demanded Rs. 5 lakh as remuneration to teach dance for the presentation song for the state school ...
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായ് അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ 5 ലക്ഷം പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് വിദ്യാഭാ്യാസമന്ത്രി വി.ശിവന്‍കുട്ടി. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് 10 മിനിട്ട് ദൈര്‍ഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്.’ മന്ത്രി പറഞ്ഞു.
‘ഇത്രവലിയ തുകനല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്താദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു. സ്‌കൂള്‍ കലോത്സവം വഴി മികച്ച കലാകാരി ആകുകയും അതുവഴി സിനിമയിലെത്തി അവിടെ വലിയ നിലയിലാകുകയും ചെയ്ത ചില നടിമാര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അതെസമയം ഈ നടി ആരാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചതെന്നും മന്ത്രി പറഞ്ഞു.ഇത്തരക്കാര്‍ പിന്‍തലമുറയ്ക്ക് മാതൃകയാകേണ്ടവരാണ് എന്നും കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് ഇവര്‍ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു.