പോത്തുകല്ല് പഞ്ചായത്തിലുണ്ടായ പ്രകമ്പനം അപകടകാരി അല്ല: ദുരന്ത നിവാരണ അതോറിറ്റി

HIGHLIGHTS : Earthquake in Pothukal panchayat not dangerous: Disaster Management Authority

പോത്തുകല്ല് പഞ്ചായത്തിലെ പ്രകമ്പനം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി പുറപ്പെടുവിക്കുന്ന വാര്‍ത്താക്കുറിപ്പ്

മലപ്പുറം ജില്ലയിലെ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ആനക്കല്ല് കുന്നില്‍ ഒക്ടോബര്‍ 17 ന് വൈകിട്ട് 4 നും 18 ന് പുലര്‍ച്ചെ 4.45നും 29 ന് രാത്രി 9 നും 10.45 നും ഉണ്ടായ ശബ്ദവും പ്രകമ്പനവും സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റ്, ഭൂജല വകുപ്പ് ജിയോളജിസ്റ്റ്, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് എന്നിവര്‍ സ്ഥല പരിശോധന നടത്തി. സ്ഥല പരിശോധനാ റിപ്പോര്‍ട്ടും ലഭ്യമായ മറ്റ് വിവരങ്ങളും മുന്‍ അനുഭവങ്ങളും വിദഗ്ദ്ധരുമായി നടത്തിയ കൂടിയാലോചനകളും അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയത്തിന്റെ ഈ വിഷയത്തിലെ നിഗമനങ്ങള്‍:

sameeksha-malabarinews

പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ആനക്കല്ല് കുന്നിന്റെ പടിഞ്ഞാറെ ചെരുവില്‍ മാത്രമാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. 113 മീറ്റര്‍ ഉയരമുള്ള ഒരു ചെറിയ കുന്നിന്റെ 98 മുതല്‍ 95 മീറ്റര്‍ വരെയുള്ള കുന്നിന്‍ ചെരുവിലാണ് ഇവ അനുഭവപ്പെട്ടത്. ചെങ്കുത്തായ മലയല്ല ഈ പ്രദേശം.

ഭൂമിയുടെ ഉപരിതലത്തോട് അടുത്തുള്ള പാറകളുടെ ഘര്‍ഷണവും പൊട്ടലും മൂലം പ്രാദേശികമായി ഉണ്ടാകുന്ന ശബ്ദവും പ്രകമ്പനവുമാണിതെന്നാണ് അനുമാനിക്കുന്നത്. ഇത്തരം പ്രതിഭാസം കേരളത്തില്‍ പല പ്രദേശങ്ങളിലും മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവ പൊതുവില്‍ അപകടകാരി അല്ല.

ഭൂമിയുടെ സ്വാഭാവികമായ സൂക്ഷ്മമായ മാറ്റങ്ങളാണ് പലപ്പോഴും ഈ പ്രതിഭാസത്തിന് കാരണം. ഭൂജല വിനിയോഗം മൂലം പാറകള്‍ക്ക് ഉണ്ടാകുന്ന സ്ഥാനചലനം, കുഴല്‍ കിണറുകളിലൂടെ ഭൂമിയുടെ ഉള്ളിലുള്ള ചെറിയ അറകളില്‍ അടങ്ങിയ വായു പുറത്തേക്ക് പോകുമ്പോള്‍ പാറകള്‍ക്കുണ്ടാകുന്ന സ്ഥാനചലനം എന്നിവയും ഇത്തരം പ്രതിഭാസത്തിന് കരണമാകാറുണ്ട്.

കെട്ടിടങ്ങളുടെ പഴക്കവും ഘടനാപരമായ ബലഹീനതയും കാരണം ഇത്തരം പ്രകമ്പനം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ തറയിലും ലിന്റല്‍ ഭാഗങ്ങളിലും ചെറിയ രീതിയിലുള്ള പൊട്ടലുകള്‍ കാണാറുണ്ട്. ഈ പൊട്ടലുകളുടെ തോതും രീതിയുമനുസരിച്ച് എന്‍ജിനീയറെ കൊണ്ട് പരിശോധിപ്പിച്ച് കേടുപാടുകള്‍ മാറ്റി തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്.

പ്രദേശത്തിന്റെ ഘടന കൂടുതല്‍ കൃത്യമായി മനസിലാക്കുന്നതിന് ഈ കുന്നിന്‍ ചെരുവ് ജിയോഫിസിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് കോഴിക്കോട് എന്‍.ഐ.ടി യുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയം ബന്ധപ്പെട്ടിട്ടുണ്ട്.

ഭൂമികുലുക്കം നിലവില്‍ പ്രവചന സംവിധാനങ്ങളുള്ള പ്രകൃതി പ്രതിഭാസമല്ല. കേന്ദ്ര കലാവസ്ഥാ വകുപ്പിനാണ് ദുരന്ത നിവാരണ നിയമം അനുസരിച്ച് ഭൂമികുലുക്കം നിരീക്ഷിക്കുവാനും കാറ്റലോഗ് സൂക്ഷിക്കുവാനുമുള്ള ചുമതല. അതത് സമയത്തെ പ്രധാന ഭൂമികുലുക്കങ്ങള്‍ https://seismo.gov.in/MIS/riseq/earthquake ല്‍ രേഖപ്പെടുത്തുന്നുണ്ട്. പ്രസ്തുത വകുപ്പിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ആണ് ആധികാരികമായി ഭൂമികുലുക്കം സംബന്ധിച്ച പഠനവും നിരീക്ഷണവും നടത്തുന്നത്. പോത്തുകല്ല് ഗ്രാമപഞ്ചായത്തിലുണ്ടായ പ്രകമ്പനം കേന്ദ്ര കാറ്റലോഗില്‍ ഭൂമികുലുക്ക നിരീക്ഷണ ഉപകരണങ്ങളില്‍ നിന്നും രേഖപ്പെടുത്തിയിട്ടില്ല.

ഭൂചലനം അനുഭവപ്പെട്ടാല്‍ ചെയ്യേണ്ടതും, ചെയ്യരുതാത്തതും ആയ കാര്യങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. https://shorturl.at/YGfpY

ഭൂചലനം ഉണ്ടായാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ സംബന്ധിച്ച ഭിന്നശേഷി സൗഹൃദ വീഡിയോ ലിങ്ക് https://www.youtube.com/watch?v=Z6cG_OfhNos

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!